ഫിസാറ്റിലെ കോഴ്‌സുകൾക്ക് എൻ.ബി.എ. അക്രഡിറ്റേഷൻ
കൊച്ചി: അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിലെ മുഴുവൻ ബിരുദ കോഴ്സുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻറെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ദിവസം സിവിൽ എൻജിനിയറിങ് കോഴ്സിന് കൂടി അംഗീകാരം ലഭിച്ചതോടെയാണ് എല്ലാ ബി ടെക് കോഴ്‌സുകൾക്കും എൻ ബി എ അംഗീകാരം പൂർത്തിയായത് മറ്റു കോഴ്‌സുകൾക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ വിദഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് സിവിൽ എൻജിനിയറിങ്ങിന് എൻ ബി എ അക്രഡിറ്റേഷൻ അംഗീകാരം നൽകിയത് ഇതോടെ ഫിസാറ്റിലെ മുഴുവൻ ബിരുദ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രഡിറ്റേഷൻ ലഭിച്ചു. മികച്ച അക്കാദമിക് നിലവാരം, ഉയർന്ന തൊഴിൽ അവസരങ്ങൾ നൽകുന്നതിനുള്ള മികവ്, വിദ്യാർത്ഥികളുടെ കലാ കായിക സാങ്കേതിക മേഖലയിലെ അഭിരുചികൾ വികസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങി നിരവധി പ്രവർത്തന മേഖലകൾ പരിശോധിച്ചതിന് ശേഷമാണ് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ വിദഗ്ധർ എല്ലാ ബിരുദ കോഴ്‌സുകൾക്കും എൻ ബി എ അംഗീകാരം നൽകിയത്. ഫിസാറ്റിലെ മുഴുവൻ പ്രവർത്തനങ്ങളും മികച്ചതെന്ന് കണ്ടെത്തി നാഷണൽ അസ്സെസ്സ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കമ്മിറ്റി (നാക് ) നേരത്തെ കോളേജിന് എ പ്ലസ് ഗ്രേഡ് നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പഠന നിലവാരവും മറ്റു പ്രവർത്തനങ്ങളും ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുവരുന്നതിൻറെ ഭാഗമായി കോളേജിനെ ഓട്ടോണോമസ് പദവിയിലേക്കും തുടർന്ന് യൂണിവേഴ്സിറ്റി പദവിയിലേക്കു ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊര്ജിതമായി നടത്തി വരികയാണെന്ന് കോളേജ് ചെയർമാൻ പി ആർ ഷിമിത്ത് പറഞ്ഞു.