തൃശൂര്‍ ജില്ലയില്‍ 113 കെ.എസ്.ഇ.ബി. ഓഫീസുകള്‍ ഹരിത ഓഫീസുകളായി
തൃശൂര്‍: ജില്ലയിലെ 113 കെ.എസ്.ഇ.ബി. ഓഫീസുകള്‍ ഹരിതഓഫീസുകളായി. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. ശ്രീ. പി. ബാലചന്ദ്രന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ആമുഖ പ്രഭാഷണം നടത്തി. തൃശൂര്‍ ജില്ലയിലെ നാല് സര്‍ക്കിളുകളിലായി കെ.എസ്.ഇ.ബി.യുടെ ജനറേഷന്‍, ട്രാന്‍സ്മിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍, ആഹാര അവശിഷ്ടങ്ങള്‍ അടങ്ങിയ ജൈവ മാലിന്യങ്ങള്‍, ഉപയോഗ ശൂന്യമായ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ട്യൂബ് ലൈറ്റ്, ബള്‍ബ് തുടങ്ങിയ ഹസാര്‍ഡസ് വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ കൈമാറലും സംസ്‌കരണവും ഉറപ്പാക്കല്‍ തുടങ്ങി 32 വിലയിരുത്തല്‍ ഘടകങ്ങള്‍ പ്രധാനമായും പരിശോധിച്ചതിനുശേഷമാണ് ജില്ലയിലെ 113 ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ശുചിത്വമിഷനുമായി ചേര്‍ന്നാണ് കെ.എസ്.ഇ.ബി. ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കി മാറ്റാനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ബോധവത്കരണ, പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുകയും ഓരോ ഓഫീസിലും ഒരു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് തുടര്‍പരിപാലനത്തിനും മേല്‍നോട്ടത്തിനും ചുമതല നല്‍കിയിട്ടുണ്ട്. ഓഫീസിനുള്ളിലും പുറത്തും ശുചിത്വം ഉറപ്പാക്കുന്നതിനുവേണ്ടി ഇവിടങ്ങളില്‍ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ അവിടുത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന വഴി യൂസര്‍ഫീ നല്‍കി കൈമാറുന്നതിനുളള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇ-വേസ്റ്റ്, ഹസാര്‍ഡസ് വേസ്റ്റ്, മറ്റു ഖരമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി വഴിയോ മറ്റ് അംഗീകൃത ഏജന്‍സിവഴിയോ യഥാസമയം നീക്കം ചെയ്യും. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് നിരവധി കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ഇതിനകം ട്രൈപോട്ട്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിച്ചുകഴിഞ്ഞു. മിക്ക ഓഫീസുകളിലും സാനിട്ടറി പാഡ് സംസ്‌കരിക്കുന്നതിനുള്ള ചെറിയ ഇന്‍സിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറിയില്‍ ജലലഭ്യത, വൃത്തി എന്നിവയും ഉറപ്പാക്കുന്നുണ്ട്. ശുചിത്വ പരിപാലനത്തിന് പുറമെ സ്ഥലം ലഭ്യമായ നിരവധി കെ.എസ്.ഇ.ബി. ഓഫീസ് പരിസരങ്ങളില്‍ ഇതിനകം തന്നെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ഓഫീസ് പരിസരത്ത് പൂന്തോട്ടനിര്‍മ്മാണവും പരിപാലനവും നടക്കുന്നുണ്ട്. ചടങ്ങില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കെ.എസ്.ഇ.ബി. എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.