ബജാജ് കാലിബര്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയേക്കും
പുതുതായി പെട്രോള്‍ അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിച്ചേക്കും
ന്യൂഡെല്‍ഹി: ഫ്രീറൈഡര്‍, ഫ്‌ളൂവര്‍, ഫ്‌ളൂയിര്‍ എന്നീ പേരുകള്‍ ഉള്‍പ്പെടെ ബജാജ് ഓട്ടോ ഈയിടെയായി നിരവധി ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കാലിബര്‍ എന്ന പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍. കവസാക്കിയുമായി ചേര്‍ന്ന് വികസിപ്പിച്ചതും 1998 മുതല്‍ 2006 വരെ ഇന്ത്യന്‍ വിപണിയില്‍ വിറ്റതുമായ എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായിരുന്നു കാലിബര്‍. പുതുതായി പെട്രോള്‍ അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിച്ചേക്കുമെന്ന് ട്രേഡ്മാര്‍ക്ക് അപേക്ഷ വ്യക്തമാക്കുന്നു.
ബജാജ് ഓട്ടോ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് മനസിലാക്കുന്നത്. ഇതിനായി ഒരു പഴയ പേര് പുനരുജ്ജീവിപ്പിക്കുന്നത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തിലും സമാന തന്ത്രമാണ് ബജാജ് ഓട്ടോ പ്രയോഗിച്ചത്. 2005 ല്‍ നിര്‍ത്തിയ ചേതക് പിന്നീട് കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് സ്‌കൂട്ടറായി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുകയായിരുന്നു.
വരാനിരിക്കുന്ന എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ മോട്ടോര്‍സൈക്കിള്‍ 100 സിസി അല്ലെങ്കില്‍ 110 സിസി എന്‍ജിന്‍ ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. സിടി, പ്ലാറ്റിന മോട്ടോര്‍സൈക്കിളുകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സെഗ്മെന്റുകളില്‍ ബജാജ് ഓട്ടോ ഇതിനകം ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ബജാജ് കാലിബര്‍ ഒരുപക്ഷേ 125 സിസി മോട്ടോര്‍സൈക്കിള്‍ ആയിരിക്കാം.
പള്‍സര്‍ 125, പള്‍സര്‍ എന്‍എസ് 125 എന്നിവ ബജാജ് ഓട്ടോയുടെ നിലവിലെ രണ്ട് 125 സിസി ബൈക്കുകളാണ്. എന്നാല്‍ ഇവ രണ്ടും ഈ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാവുന്ന മോഡലുകളല്ല. മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ച് കാലിബര്‍ മോട്ടോര്‍സൈക്കിളിനെ ഇവിടെ അവതരിപ്പിക്കാന്‍ കഴിയും. ടിവിഎസ് കഴിഞ്ഞ വര്‍ഷം ‘ഫിയറോ 125’ പേരിനായി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ മോട്ടോര്‍സൈക്കിളിന് ഒരു എതിരാളിയായി ബജാജ് ഓട്ടോയുടെ പുതിയ മോഡല്‍ എത്തിയേക്കും. കാലിബര്‍ നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുമോയെന്ന് കാത്തിരുന്ന് കാണാം.