ആസാം: തേയിലത്തോട്ടം തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും
1 min readഗുവഹത്തി: തേയില ഉല്‍പാദനം വളരെ കുറവായ ശൈത്യകാലത്ത് തേയിലത്തോട്ട തൊഴിലാളികള്‍ക്ക് എംജിഎന്‍ആര്‍ഇജിഎസിന് കീഴില്‍ തൊഴില്‍ നല്‍കാന്‍ ആസാം സര്‍ക്കാര്‍ തീരുമാനിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തേയിലത്തോട്ട തൊഴിലാളികള്‍ക്ക് കുളം കുഴിക്കല്‍, റോഡ് നിര്‍മാണം, മറ്റ് ജോലികള്‍ എന്നിവയാണ് നല്‍കുകയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഓഫീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമീണ ജനതയുടെ സാമ്പത്തിക നേട്ടത്തിനായി അഗര്‍, സോം തുടങ്ങിയ വിലയേറിയ മരങ്ങള്‍ നട്ടുപിടിപ്പിക്കും. പൊതു ജലാശയങ്ങളും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അധ്യക്ഷനായ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇന്ത്യയുടെ തേയിലയുടെ 55 ശതമാനവും ഉത്പാദിപ്പിക്കുന്ന ആസാമില്‍ സംഘടിത മേഖലയില്‍ 10 ലക്ഷത്തിലധികം തേയിലത്തൊഴിലാളികളുണ്ട്. ഇവര്‍ ഏകദേശം 850 വന്‍കിട എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്നു. 60 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ബ്രഹ്മപുത്ര, ബരാക് താഴ്വരകളിലാണ് ടീ ബെല്‍റ്റുകള്‍. കൂടാതെ, വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ലക്ഷക്കണക്കിന് ചെറിയ തേയിലത്തോട്ടങ്ങളും ഉണ്ട്. തേയില നുള്ളാത്തതിനാല്‍ മിക്ക തൊഴിലാളികള്‍ക്കും ശൈത്യകാലത്ത് ജോലിയില്ല.
തേയിലത്തോട്ട തൊഴിലാളികളുടെ ദൈനംദിന വേതനം അടുത്തിടെ നടന്ന മാര്‍ച്ച്-ഏപ്രില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായിരുന്നു. നിരവധി മാസത്തെ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷം 10 ലക്ഷത്തോളം തേയിലത്തോട്ട തൊഴിലാളികളുടെ പ്രതിദിന വേതനം 38രൂപകൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഈ വര്‍ധനയോടെ, കിഴക്കന്‍ ആസാമിലെ ബ്രഹ്മപുത്ര താഴ്വരയിലെ തേയിലത്തൊഴിലാളികള്‍ക്ക് 205 രൂപ ലഭിക്കും. മുമ്പ് ഇത് 167 രൂപയായിരുന്നു. ബരാക് വാലിയില്‍ (തെക്കന്‍ അസം) ഉള്ളവര്‍ക്ക് നേരത്തെ 145 രൂപയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 183 രൂപയായി ഉയരും.