ബെനെല്ലി 502സി പ്രീ ബുക്കിംഗ് ആരംഭിച്ചു
ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഹൈദരാബാദ്: ബെനെല്ലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം അവസാനത്തോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലെത്തിയ ബെനെല്ലി 502സി ഇതിനകം ഇന്ത്യയില്‍ അനാവരണം ചെയ്തു.
ബെനെല്ലി ലിയോണ്‍ചിനോ, ബെനെല്ലി ടിആര്‍കെ 502 മോഡലുകളില്‍ പണിയെടുക്കുന്ന അതേ 500 സിസി പാരലല്‍ ട്വിന്‍ എന്‍ജിനായിരിക്കും ബെനെല്ലി 502സി പവര്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 47.5 എച്ച്പി കരുത്തും 46 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.
സ്റ്റൈലിംഗ് വിശേഷങ്ങള്‍ പറയുമ്പോള്‍, അല്‍പ്പം താഴ്ന്നതും നീളമേറിയതുമായ പവര്‍ ക്രൂസര്‍ സ്റ്റാന്‍സിലാണ് ബെനെല്ലി 502സി വരുന്നത്. ഈ മോട്ടോര്‍സൈക്കിളിനെ ഡുകാറ്റി ഡിയാവെല്‍ വളരെയധികം സ്വാധീനിച്ചതായി തോന്നുന്നു. പ്രത്യേകിച്ച് പിറകില്‍നിന്ന് നോക്കുമ്പോള്‍. തടിച്ച യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്ക്, പുറമേ കാണുന്നവിധം ട്രെല്ലിസ് ഫ്രെയിം, ഇരട്ട ബാരല്‍ എക്‌സോസ്റ്റ് സിസ്റ്റം എന്നിവയാണ് മറ്റ് ശ്രദ്ധേയ ഘടകങ്ങള്‍.
ബെനെല്ലി 502സി മോട്ടോര്‍സൈക്കിളിന് അഞ്ച് ലക്ഷം രൂപയില്‍ താഴെ വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ബെനെല്ലി ലിയോണ്‍ചിനോ മോട്ടോര്‍സൈക്കിളിനേക്കാള്‍ വില അല്‍പ്പം കൂടുതലായിരിക്കും. താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മറ്റ് ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ പ്രധാന എതിരാളികളായിരിക്കും. ചൈനീസ് വാഹന നിര്‍മാതാക്കളായ സിഎഫ്‌മോട്ടോയുടെ ഈയിടെ അവതരിപ്പിച്ച 650 സിസി മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.