സിഎഫ് മോട്ടോയുടെ 650 സിസി ബൈക്കുകള്‍ ബിഎസ് 6 പാലിക്കും
650 എന്‍കെ, 650 എംടി, 650 ജിടി എന്നീ മോഡലുകള്‍ പുറത്തിറക്കി
ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന സിഎഫ് മോട്ടോ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 650 എന്‍കെ, 650 എംടി, 650 ജിടി എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. 650 എന്‍കെ എന്ന സ്ട്രീറ്റ്‌ഫൈറ്ററിന് 4.29 ലക്ഷം രൂപയും 650 എംടി എന്ന അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 5.29 ലക്ഷം രൂപയും 650 ജിടി എന്ന സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിളിന് 5.59 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ കാഴ്ച്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ 650 എന്‍കെ, 650 എംടി മോഡലുകള്‍ക്ക് 30,000 രൂപയും 650 ജിടി മോട്ടോര്‍സൈക്കിളിന് 10,000 രൂപയും വില വര്‍ധിച്ചു.
സ്‌പോര്‍ട്ടി സ്‌റ്റൈലിംഗ്, ട്രെന്‍ഡി ഗ്രാഫിക്‌സ്, സ്റ്റാര്‍ ആകൃതിയുള്ള അലോയ് വീലുകള്‍ എന്നിവ ലഭിച്ചതാണ് 650 എന്‍കെ. 649.3 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,250 ആര്‍പിഎമ്മില്‍ 55.65 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 54.4 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.
ഇതേ ഷാസി, ഹാര്‍ഡ്‌വെയര്‍ എന്നിവയുടെ കൂടെ വലിയ ഫെയറിംഗ് ലഭിച്ചതാണ് 650 എംടി. സ്റ്റെപ്പ്അപ്പ് സ്റ്റൈല്‍ സിംഗിള്‍ പീസ് സീറ്റ്, ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, കൂടുതലായി ട്രാവല്‍ ചെയ്യുന്ന സസ്‌പെന്‍ഷന്‍, പാനിയറുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യം എന്നിവ നല്‍കി. ഗാര്‍ഡ് ലഭിച്ചതാണ് ഫ്രണ്ട് ബോഡി. ഇതേ 649 സിസി എന്‍ജിന്‍ ഉപയോഗിക്കുന്നു. അലോയ് വീലുകളിലാണ് ഓടുന്നത്.
ഷാര്‍പ്പ് ഫെയറിംഗ്, എല്‍ഇഡി ലൈറ്റുകള്‍, രണ്ട് റൈഡിംഗ് മോഡുകള്‍ (ടൂറിംഗ്, സ്‌പോര്‍ട്‌സ്), 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നിവ ലഭിച്ചതാണ് 650 ജിടി. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റ് എന്നിവ ഫീച്ചറുകളാണ്. കൂടുതല്‍ നിവര്‍ന്ന റൈഡിംഗ് പൊസിഷന്‍ സമ്മാനിക്കുന്നതാണ് ഈ മോട്ടോര്‍സൈക്കിള്‍. ഇതേ 649 സിസി എന്‍ജിന്‍ കരുത്തേകുന്നു.