ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ടാറ്റയുടെ ഹൈഡ്രജന്‍ ഇന്ധന ബസുകള്‍
1 min readധാരണാപത്രം ഒപ്പുവെയ്ക്കുന്ന തീയതി മുതല്‍ 144 ആഴ്ച്ചയ്ക്കുള്ളില്‍ 15 ബസുകളും വിതരണം ചെയ്യും
മുംബൈ: ടാറ്റ മോട്ടോഴ്സിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് 15 ഹൈഡ്രജന്‍ അധിഷ്ഠിത പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെംബ്രെന്‍ (പിഇഎം) ഇന്ധന സെല്‍ ബസുകളുടെ ടെണ്ടര്‍ ലഭിച്ചു. പിഇഎം ഇന്ധന സെല്‍ ബസുകള്‍ക്കായി 2020 ഡിസംബറില്‍ ഐഒസിഎല്‍ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ടാറ്റ മോട്ടോഴ്സിനെ തെരഞ്ഞെടുക്കുകയായിരുന്നു. ധാരണാപത്രം ഒപ്പുവെയ്ക്കുന്ന തീയതി മുതല്‍ 144 ആഴ്ച്ചയ്ക്കുള്ളില്‍ 15 ബസുകളും വിതരണം ചെയ്യും.
ഐഒസിഎല്‍ ഗവേഷണ വികസന കേന്ദ്രത്തിനായി ബസുകള്‍ നല്‍കുന്നതിന് പുറമെ വാണിജ്യ വാഹനങ്ങളില്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനസിലാക്കാനുള്ള പഠന ഗവേഷണ കാര്യങ്ങളില്‍ ടാറ്റ മോട്ടോഴ്സ് സഹകരിക്കും. ഡല്‍ഹിയിലെ പൊതുഗതാഗത സാഹചര്യങ്ങളില്‍ ഈ ബസുകള്‍ നിരത്തിലിറക്കി സംയുക്ത പരിശോധനകളും പഠനങ്ങളും നടത്തും. ഐഒസിഎല്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹൈഡ്രജന്‍ വാതകമായിരിക്കും ബസുകളില്‍ ഉപയോഗിക്കുക.
ഗതാഗതം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്എം വൈദ്യ പറഞ്ഞു. ഹൈഡ്രജന്‍ വാതകവും ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതിന് രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരും ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും കൈകോര്‍ക്കുകയാണ്.