പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് പങ്കാളിയെ തേടാന്‍ തല്‍ക്കാലം ടാറ്റയ്ക്ക് പദ്ധതിയില്ല
- ടാറ്റ മോട്ടോഴ്സ് സ്വയം പര്യാപ്തത കൈവരിക്കുന്നതായി വിലയിരുത്തല്‍
- ധൃതി പിടിച്ച് ആരുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെടേണ്ടെന്ന് തീരുമാനം
- ബിസിനസ് മെച്ചപ്പെടുന്നുണ്ടെന്നും ടാറ്റ കരുതുന്നു
മുംബൈ: പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസില്‍ മറ്റൊരു കമ്പനിയുമായും തല്‍ക്കാലം പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ടാറ്റ മോട്ടോഴ്സ് ഉദ്ദേശിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പകരം സ്വന്തമായി പുതിയൊരു പദ്ധതി രൂപപ്പെടുത്തി നേട്ടം കൊയ്യുകയെന്ന തന്ത്രമാണ് ടാറ്റ മോട്ടോഴ്സ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസിലെ നേരത്തെയുള്ള തളര്‍ച്ച കാരണം മറ്റേതെങ്കിലും ബ്രാന്‍ഡുമായി ടാറ്റ മോട്ടോഴ്സ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ടാറ്റ ഗ്രൂപ്പിന്‍റെ തലപ്പത്തേക്ക് എന്‍ ചന്ദ്രശേഖരന്‍ എത്തിയ ശേഷം ടാറ്റ മോട്ടോഴ്സിന്‍റെ തിരിച്ചുവരവിന്‍റെ വേഗം കൂടുന്നതാണ് കണ്ടത്. ഇപ്പോള്‍ സ്വയം പര്യാപ്തതയിലേക്ക് ടാറ്റ മോട്ടോഴ്സിന്‍റെ പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം എത്തുന്നതായാണ് ഗ്രൂപ്പിന്‍റെ വിലയിരുത്തല്‍.
2025 ആകുമ്പോഴേക്കും പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ മാറ്റത്തെ നയിക്കുന്നത് ടാറ്റ മോട്ടോഴ്സ് ആയിരിക്കുമെന്നും ഓട്ടോമോട്ടിവ് ലോകത്ത് ഗ്രീന്‍ മൊബിലിറ്റിയുടെ പതാകവാഹകരായി ടാറ്റ മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടാറ്റ മോട്ടോഴ്സിന്‍റെ ടിയാഗോ, ആള്‍ട്രോസ്, നെക്സോണ്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ മികച്ച ആവശ്യകതയാണുള്ളത്. ഈ വര്‍ഷം ടാറ്റ മോട്ടോഴ്സിന്‍റെ ഓഹരി വിലയിലുണ്ടായത് 84 ശതമാനം വര്‍ധനയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഓഹരി വിലയില്‍ 7.5 ശതമാനത്തിന്‍റെ കുതിപ്പുണ്ടായി.
ടാറ്റ മോട്ടോഴ്സ് സിഇഒ ഗ്യുന്‍റര്‍ ബറ്റ്ഷെക്കാണ് കമ്പനിയുടെ തിരിച്ചുവരവില്‍ നിര്‍ണായക സ്വാധീനമായി മാറിയത്.