മ്യാന്‍മാറിലേക്കുള്ള ആയുധ വിതരണം നിര്‍ത്തണമെന്ന് യുഎന്‍ പൊതുസഭ
യുഎന്‍: മ്യാന്‍മാറിലേക്കുള്ള ആയുധ പ്രവാഹം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭ ആവശ്യപ്പെട്ടു. നവംബറിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മാനിക്കണമെന്നും നേതാവ് ആംഗ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും യുഎന്‍ സൈനിക ഭരണകൂടത്തോട് പൊതുസഭ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയത്തില്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. കരട് പ്രമേയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ പ്രസ്തുത നിലപാട് സ്വീകരിച്ചത്.
ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിയിലൂടെ ആംഗ് സാന്‍ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈന്യം പുറത്താക്കുകയായിരുന്നു. 119 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പൊതുസഭ പ്രമേയം അംഗീകരിച്ചത്.
ഇന്ത്യയോടൊപ്പം ചൈനയും റഷ്യയും ഉള്‍പ്പെടെ 36 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
മ്യാന്‍മാറില്‍ വലിയൊരു ആഭ്യന്തര യുദ്ധത്തിന്‍റെ സാധ്യത ഇന്ന് യാഥാര്‍ത്ഥ്യമാണെന്ന് മ്യാന്‍മാര്‍ സംബന്ധിച്ച പ്രത്യേക പ്രതിനിധി ക്രിസ്റ്റിന്‍ ഷ്രാനര്‍ ബര്‍ഗെനര്‍ വോട്ടെടുപ്പിന് ശേഷം പൊതുസഭയില്‍ പറഞ്ഞു. വിട്ടുനിന്ന ചില രാജ്യങ്ങള്‍ പ്രതിസന്ധി മ്യാന്‍മാറിനെ സംബന്ധിച്ചിടത്തോളം ഒരു ആഭ്യന്തര പ്രശ്നമാണെന്നും മറ്റുചിലര്‍ പ്രമേയം സഹായകരമാകുമെന്ന് കരുതുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. റോഹിംഗ്യന്‍ മുസ്ലിംകളുടെ ദുരവസ്ഥ വേണ്ടത്ര പരിഗണിച്ചില്ലെന്നും വാദമുണ്ടായി. യുഎന്‍ പ്രമേയം ശക്തമായ ഒരു സന്ദേശം അയയ്ക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍റെ യുഎന്‍ അംബാസഡര്‍ ഒലോഫ് സ്കൂഗ് പറഞ്ഞു. രാജ്യത്തിന്‍റെ നിയമാനുസൃത പദവി പിന്‍വലിക്കേണ്ടതാണ്. സ്വന്തം ജനതയ്ക്കെതിരായ അക്രമത്തെയും അപലപിക്കുന്നതായി സ്കൂഗ് പറഞ്ഞു.
അടിയന്തരാവസ്ഥ അവസാനിപ്പിക്കാനും മ്യാന്‍മാറിലെ ജനങ്ങളുടെ എല്ലാ മനുഷ്യാവകാശങ്ങളെയും മാനിക്കാനും അവ അനുവദിക്കാനും മ്യാന്‍മാര്‍ സായുധ സേനയോട് യുഎന്‍ പ്രമേയം ആവശ്യപ്പെടുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് ആരംഭിക്കുന്നതുള്‍പ്പെടെയുള്ള മാറ്റം നടപ്പിലാക്കണം. ഒരു സമ്പൂര്‍ണ്ണ സിവിലിയന്‍ സര്‍ക്കാരിനു കീഴില്‍ സായുധ സേന ഉള്‍പ്പെടെയുള്ള എല്ലാ ദേശീയ സ്ഥാപനങ്ങളെയും കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുകയും വേണം.
193 അംഗങ്ങളായ പൊതുസഭയില്‍ പ്രമേയത്തെില്‍ വോട്ടെടുപ്പ് നടത്താന്‍ ബെലാറസ് ആണ് ആഹ്വാനം ചെയ്തത്. അപ്പോള്‍ സമവായത്തോടെ ഏകകണ്ഠമായി പ്രമേയം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് നടന്നില്ല. മ്യാന്‍മാറിനെക്കുറിച്ചുള്ള ആസിയാന്‍ സംരംഭത്തെയും ‘അഞ്ച് പോയിന്‍റ് സമവായത്തെയും’ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ പ്രതിനിധി തിരുമൂര്‍ത്തി പറഞ്ഞു. ‘നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാനും തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു’, ടി എസ് തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ‘മ്യാന്‍മാറിന്‍റെ സ്ഥിതി സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. മ്യാന്‍മാറിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങള്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. അക്രമത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു, പരമാവധി സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ തിരുമുര്‍ത്തി പറഞ്ഞു.
രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ മ്യാന്‍മാറിനൊപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി. മ്യാന്‍മാറിലെ ജനാധിപത്യ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള നടപടികളുമായി ഇന്ത്യ തുടരും.ആ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പൂര്‍ണമായും മാനിക്കപ്പെടുകയും നിറവേറ്റുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.