കോവിഡ് ആന്റിവൈറല്‍ മരുന്നുകള്‍ക്കായി അമേരിക്ക 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
1 min readകോവിഡ് മരുന്നുകളുടെ നിര്‍മ്മാണത്തിനായി ആന്റിവൈറല്‍ പ്രോഗ്രാം ഫോര്‍ പാന്‍ഡെമിക്‌സ് എന്ന പദ്ധതിക്ക് അമേരിക്ക രൂപം നല്‍കിയിട്ടുണ്ട്.
വാഷിംഗ്ടണ്‍: കോവിഡ്-19 ചികിത്സയ്ക്ക് ആവശ്യമായ ആന്റിവൈറല്‍ മരുന്നുകളുടെ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 3 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുമെന്ന് അമേരിക്കയിലെ ആരോഗ്യ സേവന വിഭാഗം (എച്ച്എച്ച്എസ്). കോവിഡ് മരുന്നുകളുടെ നിര്‍മ്മാണത്തിനായി ആന്റിവൈറല്‍ പ്രോഗ്രാം ഫോര്‍ പാന്‍ഡെമിക്‌സ് എന്ന പദ്ധതിക്ക് അമേരിക്ക രൂപം നല്‍കിയിട്ടുണ്ട്. രോഗം ഗുരുതരമാകുന്നത് തടയുന്നതും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതുമായ മരുന്നുകളുടെ ലഭ്യത ഉറപ്പിക്കുന്നതിനായി ആന്റിവൈറല്‍ മരുന്നുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ്-19നെതിരെ മികച്ച ചികിത്സകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണ പരിപാടികളെയും പദ്ധതി പിന്തുണയ്ക്കും.
പകര്‍ച്ചവ്യാധി ഉണ്ടാക്കാന്‍ ശേഷിയുള്ള മറ്റ് വൈറസുകള്‍ക്കെതിരായ ആന്റിവൈറല്‍ മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള സുസ്ഥിര പ്ലാറ്റ്‌ഫോമുകള്‍ക്ക് രൂപം നല്‍കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഗവേഷണങ്ങള്‍ക്കും ലാബോറട്ടറി ചിലവുകള്‍ക്കുമായി 300 മില്യണ്‍ ഡോളറും പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി 1 ബില്യണ്‍ ഡോളറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ്(നിയാഡ്), ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടി(ബാര്‍ഡ) മുഖേനയുള്ള മരുന്നുകളുടെ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 700 മില്യണ്‍ ഡോളറുമാണ് സര്‍ക്കാര്‍ ചിലവഴിക്കുക.
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കോവിഡ്-19 വാക്‌സിന്‍ എടുത്തെങ്കിലും രോഗ, മരണ നിരക്കുകള്‍ കുറഞ്ഞെങ്കിലും കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടവരില്‍ രോഗം മൂര്‍ച്ഛിക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതുമായ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് മികച്ച ചികിത്സാരീതി കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ വീട്ടില്‍ വച്ച് രോഗിക്ക് കഴിക്കാവുന്ന ഇന്‍ഫ്‌ളുവന്‍സക്കെതിരായ ആന്റിവൈറല്‍ ചികിത്സയ്ക്ക് സമാനമായ ആന്റിവൈറല്‍ മരുന്നുകള്‍ക്കേ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനും രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതി ഒഴിവാക്കാനും സാധിക്കുകയുള്ളുവെന്ന് എച്ച്എച്ച്എസ് പറഞ്ഞു.
കോവിഡ്-19 ഗുരുതരമാകുന്നതും മരണമുണ്ടാകുന്നതുമായ അവസ്ഥകള്‍ ഒഴിവാക്കുന്ന പുതിയ ആന്റിവൈറല്‍ മരുന്നുകള്‍, പ്രത്യേകിച്ച് രോഗിക്ക് വീട്ടില്‍ വച്ച് തന്നെ കഴിക്കാവുന്നവ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ മൂര്‍ച്ചയേറിയ ആയുധമായിരിക്കുമെന്ന് നിയാഡ് ഡയറക്ടര്‍ ആന്റണി ഫൗചി പറഞ്ഞു. പകര്‍ച്ചവ്യാധിയിലുടനീളം രോഗം ഗുരുതരമാകുന്നത് തടയുന്ന ചികിത്സകള്‍ക്ക് രൂപം നല്‍കുന്നതിനായി മരുന്ന് വ്യവസായ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു തങ്ങളെന്നും സര്‍ക്കാരിന്റെ ആന്റിവൈറല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും വേഗത്തിലാക്കാനും ലളിതവും എന്നാല്‍ സുരക്ഷിതവും കാര്യക്ഷമവുമായ ചികിത്സാരീതികള്‍ അവതരിപ്പിക്കാനും തങ്ങളെ സഹായിക്കുമെന്ന് ബാര്‍ഡ ഡയറക്ടര്‍ ഗാരി ഡിസ്‌ബ്രോയും അഭിപ്രായപ്പെട്ടു.
കോവിഡ്-19 പിടിപെട്ട് വീടുകളിലും ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ഉപയോഗിക്കാവുന്ന പത്തൊമ്പതോളം മരുന്നുകളുടെ പരീക്ഷണ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എച്ച്എച്ച്എസ് കൂട്ടിച്ചേര്‍ത്തു. മെര്‍ക് കമ്പനി വികസിപ്പിച്ച കോവിഡ്-19 ചികിത്സയ്ക്കുള്ള ആന്റിവൈറല്‍ മരുന്നായ മോള്‍നുപിറവിറിന്റെ 1.7 ദശലക്ഷം ഡോസുകള്‍ സംഭരിക്കുമെന്ന് ജോ ബൈഡന്‍ ഭരണകൂടം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. പരീക്ഷണ നടപടികള്‍ പുരോഗമിക്കുന്ന ഈ മരുന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി കാത്തിരിക്കുകയാണ്.