ലോകത്തെ ആദ്യ ഡിഎന്‍എ കോവിഡ് വാക്സിന്‍ ഇന്ത്യയുടേത്
1 min read- 12 ദിവസത്തിനുള്ളില്‍ സൈകോവ്-ഡി വാക്സിന്‍ അനുമതിക്കായി സമര്‍പ്പിക്കും
- ഗുജറാത്തിലെ സൈഡസ് കാഡിലയാണ് ഡിഎന്‍എ കോവിഡ് വാക്സിന്‍ പുറത്തിറക്കുന്നത്
ന്യൂഡെല്‍ഹി: ലോകത്ത് തന്നെ ആദ്യമായി അംഗീകരിക്കപ്പെട്ട ഡിഎന്‍എ കോവിഡ് വാക്സിന്‍ ഇന്ത്യയുടേതാകും. ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡിലയാണ് സൈകോവ്-ഡി എന്ന ഡിന്‍എ കോവിഡ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. 12 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കാനുള്ള പുറപ്പാടിലാണെന്ന് കമ്പനി വ്യക്തമാക്കി. ഉടന്‍ തന്നെ വാക്സന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗത്തിന് അവര്‍ അപേക്ഷ സമര്‍പ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിന്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്‍റെ വില സംബന്ധിച്ച അന്തിമ തീരുമാനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇതൊരു പുതിയ ടെക്നോളജിയാണ്. അത് മനസിലാക്കണം-ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാലും വലിയ തോതില്‍ സൈകോവ്-ഡി ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചേക്കില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓഗസ്റ്റിനും ഡിസംബറിനും ഇടയില്‍ അഞ്ച് കോടി ഡോസ് സൈകോവ് ഡി വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സൈഡസ് കാഡിലയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും സൈകോവ് ഡി പരീക്ഷിക്കുന്നുണ്ട്. കൊവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് തുടങ്ങിയ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നത്. ഇതില്‍ സ്പുട്നിക് റഷ്യയില്‍ വികസിപ്പിച്ചതാണ്. കോവിഷീല്‍ഡ് യുകെയില്‍ വികസിപ്പിച്ചതാണെങ്കിലും ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉല്‍പ്പാദനം നടത്തുന്നത്.
കുട്ടികള്‍ക്ക് നാല് വാക്സിന്‍
ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍ കുട്ടികളില്‍ പരീക്ഷണം നടത്തുന്നത് തുടരുകയാണ്. അതുപോലെ തന്നെ ഭാരത് ബയോടെക്കിന്‍റെ നേസല്‍ വാക്സിന്‍റെ ട്രയലും നടന്നുകൊണ്ടിരിക്കുകയാണ്. നേസല്‍ വാക്സിന്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ നല്‍കാമെന്നതിനാല്‍ ഇത് വലിയ മാറ്റം വരുത്തിയേക്കും. നേരത്തെ പറഞ്ഞതുപോലെ സൈഡസ് കാഡിലയുടെ വാക്സിനും കുട്ടികളില്‍ പരീക്ഷിച്ചുവരുന്നുണ്ട്. നൊവാവാക്സിന്‍റെ കോവവാക്സും കുട്ടികളില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താനുള്ള തയാറെടുപ്പിലാണ്.
കുറയുന്ന കേസുകള്‍
അതേസമയം രാജ്യത്തു കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 7,98,656 ആയി കുറഞ്ഞു. 8 ലക്ഷത്തില്‍ താഴെയായത് 73 ദിവസത്തിനുശേഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്താകമാനം ഇതുവരെ 2,85,80,647 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 88,977 പേര്‍ സുഖം പ്രാപിച്ചു. പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ 36-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തി നിരക്ക് 96.03% ആയി വര്‍ദ്ധിച്ചു.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയാണ്, 3.80 ശതമാനം.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24% ആണ്. തുടര്‍ച്ചയായ 11ാം ദിവസവും 5% ല്‍ താഴെയാണ് ഇത്. ഇതുവരെ 26.89 കോടി വാക്സിന്‍ ഡോസുകളാണ് നല്‍കിയത്.