November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2019ന് ശേഷം ലെബനനില്‍ 3,000 ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടപ്പെട്ടു

1 min read

1975ലെ ആഭ്യന്തരയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ലെബനനിലെ ബാങ്കുകള്‍ നേരിടുന്നത്

ബെയ്‌റൂട്ട്: ഒരുകാലത്ത് വിദേശത്ത് നിന്നും കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം നേടി സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി നിന്ന ലെബനനിലെ ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കില്‍. ജീവനക്കാരെ പിരിച്ചുവിട്ടും വായ്പകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടും പണലഭ്യതയ്ക്കുള്ള വഴികള്‍ തേടിയും അതിജീവനത്തിനായി പാടുപെടുകയാണ് ലെബനന്‍ ബാങ്കുകള്‍. 2019 അവസാനത്തില്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂവായിരത്തോളം, അതായത് മേഖലയിലെ മൊത്തം ഉദ്യോഗസ്ഥരുടെ 10 ശതമാനത്തോളം ബാങ്ക് ഉദ്യോഗസ്ഥരാണ് ജോലി രാജിവെക്കുകയോ ജോലിയില്‍ പിരിച്ചുവിടപ്പെടുകയോ ചെയ്തിട്ടുള്ളത്. ജോലി നഷ്ടമാകുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ എണ്ണം ദിനപ്രതി വര്‍ധിച്ച് വരികയാണെന്ന് ലെബനനിലെ നാല് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത പല നിയന്ത്രണങ്ങളും ലെബനനിലെ ബാങ്കിംഗ് മേഖലയില്‍ നിലവിലുണ്ട്. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്വകാര്യ മേഖലയ്ക്കുള്ള വായ്പകള്‍ കുത്തനെ ഇടിഞ്ഞു. ഏപ്രിലില്‍ വായ്പകള്‍ 25 ശതമാനം ഇടിഞ്ഞ് 33 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ ബാങ്കിംഗ് മേഖല നിശ്ചലമാണെന്നും വായ്പകള്‍ നല്‍കാനോ ലാഭമുണ്ടാക്കാനോ കഴിയുന്നില്ലെന്നും ലെബനന്‍ ബാങ്കുകള്‍ വ്യക്തമാക്കി.

1975-1990 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ലെബനനിലെ ബാങ്കുകള്‍ ഇന്ന് നേരിടുന്നത്. അന്നത്തെ കലാപത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ബാങ്കുകള്‍ക്ക് താരതമ്യേന ചെറിയ ആഘാതമാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധി മൂലം 83 ബില്യണ്‍ ഡോളറിന്റെ വലിയ നഷ്ടമാണ് ബാങ്കിംഗ് മേഖലയിലുണ്ടായതെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ രാജ്യത്തെ സാമ്പത്തിക ഉല്‍പ്പാദനം 55 ബില്യണ്‍ ഡോളറായി കുറയാനുള്ള പ്രധാനകാരണവും ഇതാണ്. ലെബനന്‍ പ്രതിസന്ധി തീര്‍ച്ചയായും ബാങ്കിംഗ് മേഖലയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെയും ലെബനനിലെ മുന്‍ ധനമന്ത്രിയുടെയും ഉപദേഷ്ടാവ് ആയിരുന്ന തൗഫീഖ് ജസ്പാര്‍ഡ് എന്ന സാമ്പത്തിക വിദഗ്ധന്‍ പറയുന്നു.

  മലിനജല സംസ്കരണം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ ഏജന്‍സികളിലേക്ക്

ഒരുകാലത്ത് പശ്ചിമേഷ്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ലെബനനിലെ ധനകാര്യ സേവന മേഖലയില്‍ നിന്നും 2018ല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്കുള്ള സംഭാവന 9 ശതമാനമായിരുന്നു. ആകര്‍ഷകമായ പലിശ നിരക്കുകകള്‍ അടക്കം ലെബനന്‍ കേന്ദ്രബാങ്കില്‍ നിന്നുള്ള പിന്തുണയോടെ മികച്ച രീതിയിലുള്ള നിക്ഷേപമാണ് ബാങ്കുകള്‍ അക്കാലത്ത് നേടിയത്, പ്രത്യേകിച്ച് രാജ്യത്തിന് പുറത്തുള്ള ലൈബനന്‍ ജനതയില്‍ നിന്നും. എന്നാല്‍ 2019ല്‍ രാജ്യത്തെ സാമ്പത്തിക മേഖല ചീട്ടുകൊട്ടാരം പോലെ തകരുകയും സമ്പദ് വ്യവസ്ഥ വലിയ ആഘാതം നേരിടുകയും ചെയ്തതോടെ ബാങ്കിംഗ് മേഖല കനത്ത തിരിച്ചടികള്‍ നേരിട്ട് തുടങ്ങി.

കടബാധ്യത തീര്‍ക്കുന്നതിനായി നിരവധി ലെബനീസ് പൗരന്മാര്‍ അവരുടെ പണം ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ആസ്തികളുടെ വില്‍പ്പനയിലൂടെയുള്ള പണലഭ്യതയിലൂടെയാണ് ഇന്ന് രാജ്യത്തെ ബാങ്കുകള്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ലെബനനിലെ ബാങ്ക് അസോസിയേഷന്‍ ചെയര്‍മാനായ സലീം സഫീര്‍ പറയുന്നു. സാധാരണഗതിയില്‍ വായ്പ നല്‍കുകയെന്നത് ബാങ്കുകളുടെ ജോലിയാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തി അതിജീവനത്തിനായി പൊരുതേണ്ട അവസ്ഥയിലാണ് രാജ്യത്തെ ബാങ്കുകളെന്നും ബാങ്ക് ഓഫ് ബെയ്‌റൂട്ട് ചീഫ് എക്‌സിക്യുട്ടീവ് കൂടിയായ സലീം കൂട്ടിച്ചേര്‍ത്തു.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് ഏതാണ്ട് 28,000 പേര്‍ ലെബനനിലെ ബാങ്കിംഗ് മേഖലയില്‍ തൊഴിലെടുത്തിരുന്നു. എന്നാല്‍ ഇന്ന് അത് 25,000 ആയി ചുരുങ്ങി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുക തുടങ്ങി കോര്‍ ബാങ്കിംഗ് ബിസിനസുകള്‍ ചെയ്യുന്ന റീട്ടെയ്ല്‍ ബാങ്കിംഗ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ലെബനനെ പുതിയൊരു സര്‍ക്കാരില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ച രാഷ്ട്രീയ അനിശ്ചിതത്വവും തൊഴില്‍ നഷ്ടത്തിന് ആക്കം കൂട്ടി. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമാകാത്തത് മൂലം അന്താരാഷ്ട്ര നാണ്യനിധിയുമായുള്ള സാമ്പത്തിക സഹായ കരാറും എങ്ങും എത്തിയില്ല. തകര്‍ച്ചയുടെ വക്കിലുള്ള ലെബനനിലെ സാമ്പത്തിക, ധനകാര്യ സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിക്ക് അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം നിര്‍ണ്ണായകമാണ്. ലെബനനിലെ നാല്‍പ്പതോ അതിലധികമോ വരുന്ന ബാങ്കുകളുടെ പുനഃസംഘടനയും അത്തരം സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് രാജ്യത്തെ ബാങ്കര്‍മാരും അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.

  കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍

പ്രത്യേകിച്ചൊരു നയങ്ങളും ഇപ്പോള്‍ ലെബനന്‍ ബാങ്കുകള്‍ക്ക് ഇല്ലെന്നും ഇനിയെന്താണെന്നത് സംബന്ധിച്ച് ഒരു രൂപവും ഇല്ലാതെ കേവലം പ്രവര്‍ത്തനം തുടരുക എന്നത് മാത്രമാണ് ലെബനന്‍ ബാങ്കുകള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും മറ്റൊരു മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ പറയുന്നു. സര്‍ക്കാര്‍ അവരുടെ പര്‍വ്വതതുല്യമായ കടബാധ്യത പുനഃസംഘടിപ്പിക്കുമ്പോഴേ ലെബനന്‍ ബാങ്കിംഗ് മേഖലയുടെ നഷ്ടം എത്രയാണെന്ന് വ്യക്തമാകുകയുള്ളുവെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ബാങ്കിംഗ് മേഖലയുടെ പുനഃസംഘടനയ്ക്ക് ഏതാണ്ട് 23 ബില്യണ്‍ ഡോളറിനും 102 ബില്യണ്‍ ഡോളറിനും ഇടയില്‍ ചിലവ് വരുമെന്നും എസ് ആന്‍ഡ് പി സൂചിപ്പിച്ചു.

ഫെബ്രുവരിയോടെ മൂലധന പ്രതിരോധങ്ങള്‍ 20 ശതമാനത്തോളം ഉയര്‍ത്താനും പണലഭ്യതയില്‍ 3 ശതമാനം മെച്ചപ്പെടുത്താനും കേന്ദ്രബാങ്ക് ലെബനന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ പൂര്‍ത്തിയായതായി സഫീര്‍ പറഞ്ഞു. വിദേശ നാണ്യശേഖരമുയര്‍ത്തുകയെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ചില വിദേശ ആസ്തികള്‍ വില്‍ക്കേണ്ടി വരുമെന്നതിനാലും ലെബനന്‍ നിക്ഷേപകര്‍ വിദേശത്തുള്ള അവരുടെ നിക്ഷേപങ്ങള്‍ രാജ്യത്ത് നിക്ഷേപിക്കേണ്ടി വരുമെന്നതിനാലും ഈ നിര്‍ദ്ദേശം നടപ്പിലാക്കുക എളുപ്പമല്ലെന്നും കുറച്ചധികം സമയമെടുക്കുമെന്നും സലീം വ്യക്തമാക്കി.

Maintained By : Studio3