സൈബര്‍ തട്ടിപ്പ് അറിയിക്കാന്‍ ദേശീയ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി
1 min readനിലവില്‍ 7 സംസ്ഥാനങ്ങളിലാണ് നമ്പര്‍ ലഭ്യമായിട്ടുള്ളത്
ന്യൂഡെല്‍ഹി: സൈബര്‍ തട്ടിപ്പ് മൂലമുണ്ടകുന്ന സാമ്പത്തിക നഷ്ടം തടയുന്നതിനുള്ള ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 155260ഉം റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സുരക്ഷിതവും സംരക്ഷണമുള്ളതുമായ ഡിജിറ്റല്‍ പേയ്മെന്‍റ് ഇക്കോ സിസ്റ്റം നല്‍കാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയെ വ്യക്തമാക്കുന്നതാണ് ഇതെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു .
2021 ഏപ്രില്‍ 1 നാണ് ഹെല്‍പ്പ് ലൈന്‍ പരിമിതമായ തലത്തില്‍ തുടങ്ങിയത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ (ഐ 4 സി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സജീവ പിന്തുണയോടെയും സഹകരണത്തോടെയുമാണ് 155260 ഉം അതിന്‍റെ റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമും പ്രവര്‍ത്തനക്ഷമമാക്കിയത്. ബാങ്കുകള്‍, പേയ്മെന്‍റ് ബാങ്കുകള്‍, വാലറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ തുടങ്ങിയവയില്‍ നിന്നുള്ള നിര്‍ദേശങ്ങളും സ്വീകരിച്ചു.
നിയമ നിര്‍വഹണ ഏജന്‍സികളെയും ബാങ്കുകളെയും സാമ്പത്തിക ഇടനിലക്കാരെയും സമന്വയിപ്പിക്കുന്നതിനായി ഐ 4 സി ആഭ്യന്തരമായാണ് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ്- മാനേജുമെന്‍റ് സിസ്റ്റം വികസിപ്പിച്ചെടുത്തത്.
നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലാണ് (ഛത്തീസ്ഗഡ്, ഡെല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളില്‍ ഈ നമ്പര്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഇത് രാജ്യവ്യാപകമാക്കുന്നതിന് മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
കേന്ദ്രം പറയുന്നതനുസരിച്ച് 155260 എന്ന ഹെല്‍പ്പ് ലൈനിന് 1.85 കോടി രൂപലധികം തട്ടിപ്പുകാരില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞു.