ഒത്തൊരുമിച്ച് പ്രതിരോധിക്കാം. വൈറസ് നമുക്കിടയിലുണ്ട്, രൂപമാറ്റം സംഭവിക്കാം: മോദി
- ഒരു ലക്ഷത്തിലധികം മുന്നണിപ്പോരാളികള്‍ക്ക് പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി
- 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും
ന്യൂഡെല്‍ഹി: കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മുന്നണിപ്പോരാളികളായ ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ സംരംഭത്തില്‍ പരിശീലനം നല്‍കും.
കൊറോണയ്ക്കെതിരായ പോരാട്ടത്തിലെ അടുത്ത ഘട്ടമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈറസ് സജീവമാണെന്നും ജനിതക മാറ്റത്തിനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. വൈറസ് നമുക്കു സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് രണ്ടാം തരംഗം കാട്ടിത്തന്നു. വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറായിരിക്കേണ്ടതുണ്ടെന്നും ഒരു ലക്ഷത്തിലധികം മുന്നണിപ്പോരാളികളെ പരിശീലിപ്പിക്കുന്നത് ആ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ ഓരോ രാജ്യത്തിന്‍റെയും സ്ഥാപനത്തിന്‍റെയും സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും വ്യക്തിയുടെയും കരുത്ത് മഹാമാരി പരീക്ഷിച്ചതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരുകള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന്‍റെ എല്ലാ സംവിധാനങ്ങളും ശേഷി വികസിപ്പിക്കേണ്ടതുണ്ട്. ഈ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തു. വെന്‍റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വ്യാപകമായി ആശുപത്രികള്‍ക്കു നല്‍കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. 1500 ലധികം ഓക്സിജന്‍ പ്ലാന്‍റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും, വിദഗ്ധ മനുഷ്യശക്തി നിര്‍ണായകമാണ്. ഇതിനുവേണ്ടിയും കൊറോണ പോരാളികളുടെ നിലവിലെ സേനയെ പിന്തുണയ്ക്കുന്നതിനുമായാണ് ഒരു ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. രണ്ടു മൂന്നു മാസമായിരിക്കും ഈ പരിശീലനത്തിന്‍റെ കാലാവധിയെന്നും പ്രധാനമന്ത്രി.
ഓരോ പൗരനും സൗജന്യ പ്രതിരോധ കുത്തിവയ്പു നല്‍കാന്‍ കേന്ദ്ര ഗവണ്മെന്‍റ് പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.