15-ാം ഇന്ത്യാ ഡിജിറ്റല്‍ സമ്മിറ്റ്
1 min read‘ആത്മനിര്‍ഭര്‍ ഭാരത്’ ഒറ്റപ്പെട്ട ഇന്ത്യയല്ല: രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി: ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒറ്റപ്പെട്ട ഇന്ത്യ എന്നല്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ-വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഐഐ) സംഘടിപ്പിച്ച 15-ാമത് ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആത്മനിഭര്‍ ഭാരത് എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യ സജീവ പങ്കാളിയാകുന്നു എന്നാണ് . ഇത് ഉല്‍പ്പാദന അധിഷ്ഠിത ഇന്‍സെന്റിവ് പദ്ധതിയുടെ പ്രധാന ഘടകമാണ്. ആഗോള ഇലക്ട്രോണിക് നിര്‍മ്മാണത്തിലെ ഇന്ത്യയുടെ സമയം വന്നിരിക്കുന്നു,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മൊബൈല്‍ നിര്‍മാണത്തിനുള്ള കേന്ദ്രമായി ഇന്ത്യ മാറി. ഇനി അതിന് പുറകോട്ട് പോകാനാകില്ല. മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ എല്ലാ മുന്‍നിര ആഗോള കമ്പനികളും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിലൂടെ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ മൊബൈല്‍ ഫോണുകളും ഡിവൈസുകളും നിര്‍മ്മിക്കാന്‍ ഇവര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതില്‍ 7 ലക്ഷം കോടി രൂപ കയറ്റുമതിക്കാകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, എം 2 എം ഉപകരണങ്ങള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മാണം പരിപോഷിക്കപ്പെടുന്ന ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ മാനുഫാക്ചറിംഗ് രാജ്യമായി ഇന്ത്യ മാറി. 268 മൊബൈല്‍ ഫാക്ടറികളാണ് ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സാധാരണ ജനങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണവും ഡിജിറ്റല്‍ വിടവ് പരിഹരിക്കുന്നതും ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാകുന്നതും ലക്ഷ്യമിട്ടുള്ള നടപടികള്‍ രൂപകല്‍പ്പന ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ”ഉള്‍ച്ചേര്‍ക്കല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മുഖമുദ്രയായിരുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയില്‍ 13 ലക്ഷം കോടി രൂപയാണ് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അയച്ചത്. 24 ബില്യണ്‍ ഡോളര്‍ ഇതിലൂടെ ലാഭിക്കുകയും ചെയ്തു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.