തിരുവനന്തപുരം ഉള്‍പ്പടെ 3 വിമാനത്താവളങ്ങള്‍ അദാനി എന്റര്‍പ്രൈസസിന് നല്‍കി കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിന് എതിരായ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
- ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരികളുടെ മൂല്യം ഉയര്‍ന്നു
ന്യൂഡെല്‍ഹി: ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പിനും വികസനവും ഏറ്റെടുത്തുകൊണ്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി (എഎഐ) കണ്‍സെഷന്‍ കരാര്‍ ഒപ്പിട്ടതായി അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നകു മുതല്‍ 50 വര്‍ഷത്തേക്കാണ് കണ്‍സെഷന്‍ കാലാവധി എന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.
നേരത്തേ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരേ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം പുറത്തുവന്നതോടെ ഇത് നിലച്ചു. സ്ഥലം നല്‍കാനുള്ള സന്നദ്ധതയില്‍ നിന്ന് പല സ്ഥല ഉടമകളും പിന്മാറുകയും ചെയ്തു.
കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി ജയ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, അദാനി ഗുവാഹത്തി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നീ ഉപകമ്പനികള്‍ ഇന്നലെ പ്രസ്തുത വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവയ്ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കണ്‍സെഷന്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് അദാനി എന്റര്‍പ്രൈസസ് വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് വിമാനത്താവളങ്ങളായ അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ എന്നിവയ്ക്ക് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ പ്രോഗ്രാമില്‍ അംഗീകാരം ലഭിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈ വിമാനത്താവളങ്ങള്‍ നടപ്പിലാക്കിയ നടപടികള്‍ കണക്കിലെടുത്തു കൊണ്ടുള്ളതാണ് ഈ ആഗോള അംഗീകാരം. ഒരു വര്‍ഷ കാലയളവിലേക്കാണ് അക്രഡിറ്റേഷന്‍ നല്‍കുന്നത്.
വിമാനത്താവളങ്ങളുടെ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരികളുടെ മൂല്യം ഉയര്‍ന്നു. ഇന്നലെ ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 525.20 രൂപയായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികളുടെ മൂല്യം.