കോവിഡ്-19 വന്നുപോയവര്‍ക്ക് വാക്‌സിന്റെ ഒറ്റ ഡോസ് മതിയെന്ന് പഠനം
1 min readഒരിക്കല്‍ രോഗം വന്നവര്‍ക്ക് ഒരു ഡോസ് കൊണ്ട് തന്നെ പ്രതിരോധ ശേഷി ഊര്‍ജ്ജിതപ്പെടുത്താനാകും
ഹൈദരാബാദ്: കോവിഡ്-19 രോഗം വന്നുപോയവര്‍ക്ക് വാക്‌സിന്റെ ഒരു ഡോസ് മതിയാകുമെന്ന് പഠനം. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റല്‍സ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ജനുവരി 16നും ഫെബ്രുവരി അഞ്ചിനുമിടയിലായി കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്ത 260 ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. രണ്ട് നിര്‍ണായക കണ്ടെത്തലുകളാണ് പഠനം മുന്നോട്ടുവെക്കുന്നത്. പഠന റിപ്പോര്‍ട്ട് ഇന്റെര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ കോവിഡ്-19 വന്നവരില്‍ മുമ്പ് രോഗം വരാത്തവരെ അപേക്ഷിച്ച് വാക്‌സിന്റെ ഒറ്റ ഡോസിനോട് വളരെ മികച്ച രീതിയിലുള്ള ആന്റിബോഡി പ്രതികരണം രേഖപ്പെടുത്തി. മാത്രമല്ല, ഒറ്റ ഡോസ് മൂലമുണ്ടാകുന്ന മെമ്മറി ടി സെല്ലുകളുടെ പ്രവര്‍ത്തനം നേരത്തെ രോഗം വന്നവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് വളരെ കാര്യക്ഷമമാണെന്നും ഗവേഷകര്‍ കണ്ടെത്തി. മുമ്പ് രോഗം വന്നവരില്‍ ഒറ്റ ഡോസ് നല്‍കിയപ്പോഴുള്ള ഉയര്‍ന്ന ആന്റിബോഡി പ്രവര്‍ത്തനവും ബി, ടി സെല്ലുകളുടെ പ്രതിരോധ പ്രവര്‍ത്തനവും കണക്കിലെടുത്ത് ഒരിക്കല്‍ അസുഖം വന്നവര്‍ക്ക് വാക്‌സിന്റെ രണ്ട് ഡോസുകളും എടുക്കുന്നതിനേക്കാള്‍ രോഗമുക്തരായി മൂന്ന് മുതല്‍ ആറ് മാസത്തിന് ശേഷം ഒറ്റ ഡോസ് നല്‍കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
രാജ്യം വാക്‌സിന്‍ ക്ഷാമം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇത്തരമൊരു നയം ഗുണകരമാകുമെന്നും രോഗം വന്നുപോയവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നും എഐജി ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ.ഡി നാഗേശ്വര്‍ റെഡ്ഡി പറഞ്ഞു.