ഇന്ത്യ 2023-24ല്‍ 6.0 ശതമാനം മുതല്‍ 6.8 ശതമാനം വരെ ജിഡിപി വളര്‍ച്ച കൈവരിക്കും
കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ 2022-23 സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു, ഇത് 24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 6.5 ശതമാനം അടിസ്ഥാന വളര്‍ച്ച പ്രവചിക്കുന്നു. ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ ബഹുതല ഏജന്‍സികളും ആഭ്യന്തരമായി ആര്‍ബിഐയും നല്‍കുന്ന പ്രതീക്ഷിത കണക്കുകളുമായി ഈ പ്രവചനത്തെ താരതമ്യപ്പെടുത്താവുന്നതാണ്.
കോര്‍പ്പറേറ്റ്, ബാങ്കിംഗ് മേഖലകളുടെ ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യയില്‍ ഊര്‍ജസ്വലമായ വായ്പാ വിതരണവും മൂലധന നിക്ഷേപ ചക്രവും നിമിത്തം സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച ത്വരിതഗതിയിലാകുമെന്നും അതില്‍ പറയുന്നു. പൊതു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വിപുലീകരണത്തില്‍ നിന്നും പിഎം ഗതിശക്തി, ദേശീയ ചരക്കുനീക്ക നയം, ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഉല്‍പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതികള്‍ തുടങ്ങിയ ദിശാനിര്‍ണയ നടപടികളില്‍ നിന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കും.
സര്‍വേ പറയുന്നത്, യഥാര്‍ത്ഥത്തില്‍ 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷം സമ്പദ്വ്യവസ്ഥ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 8.7 ശതമാനം വളര്‍ച്ചയെ തുടര്‍ന്നാണിത്.
കോവിഡ് 19ന്റെ മൂന്ന് ആഘാതങ്ങള്‍, റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷം, പണപ്പെരുപ്പം തടയുന്നതിനായി കേന്ദ്ര ബാങ്കുകളും ഫെഡറല്‍ റിസര്‍വും സമന്വിത നയങ്ങള്‍ പിന്‍തുടരുന്നത് തുടങ്ങിയ കാരണങ്ങള്‍ നിമിത്തം യുഎസ് ഡോളറിന്റെ മൂല്യവും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിക്കുന്നത് പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ലോകത്താകമാനമുള്ള ഏജന്‍സികള്‍ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന വന്‍കിട സമ്പദ് വ്യവസ്ഥയാകുമെന്നും 23 സാമ്പത്തിക വര്‍ഷത്തില്‍ ആറര മുതല്‍ ഏഴു വരെ ശതമാനം വളര്‍ച്ചനേടുമെന്നും പ്രവചിക്കുന്നു.
സര്‍വേ അനുസരിച്ച്, 23 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രധാനമായും നയിച്ചതു സ്വകാര്യ ഉപഭോഗവും മൂലധന രൂപീകരണവുമാണ്. ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്കു കുറയാനും എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് റജിസ്‌ട്രേഷന്‍ വര്‍ധിക്കാനും ഇത് ഇടയാക്കി. 200 കോടിയിലധികം ഡോസുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ഉപഭോഗത്തിന്റെ തിരിച്ചുവരവ് വര്‍ദ്ധിക്കാനിടയാക്കി. എന്നിരുന്നാലും, തൊഴിലവസരങ്ങള്‍ വേഗത്തിലാക്കാന്‍ സ്വകാര്യ മൂലധനം നേതൃത്വപരമായ പങ്ക് ഉടന്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.