മഹാമാരിക്കാലത്തും ബില്യണയര്‍മാരുടെ ആസ്തിയില്‍ 32% വളര്‍ച്ച
1 min readപുതുതായി 421 ബില്യണയര്‍മാരാണ് 2020ല്‍ ആഗോളതലത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്
വാഷിംഗ്ടണ്‍: കോവിഡ് 19 മഹാമാരിയുടെ കെടുതികള്‍ നേരിട്ട 2020ല്‍, ലോകം ബില്യണയര്‍മാരുടെ പട്ടികയിലേക്ക് ഒരാഴ്ച കാലത്തില്‍ കൂട്ടിച്ചേര്‍ത്തത് ശരാശരി 8 പേരെ. 2020ല്‍ മൊത്തമായി 421 പേരെ കൂട്ടിച്ചേര്‍ത്തതോടെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ മൊത്തം എണ്ണം 3,288 ആയി. ഇന്നലെ പുറത്തിറക്കിയ ഹ്യൂറന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021 പ്രകാരം അവലോകന കാലയളവില്‍ ബില്യണയര്‍മാരുടെ മൊത്തം സ്വത്ത് 32 ശതമാനം ഉയര്‍ന്ന് 14.7 ട്രില്യണ്‍ ഡോളറായി.
കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന് (ജിഡിപി) തുല്യമായ സമ്പത്താണ് ബില്യണയര്‍മാര്‍ അവരിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെ അവരുടെ മൊത്തം സ്വത്ത് ചൈനയുടെ ജിഡിപിക്ക് തുല്യമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 3.5 ട്രില്യണ്‍ ഡോളറിന്‍റെ വര്‍ധനയോടെ 14.7 ട്രില്യണ്‍ ഡോളറിലേക്കാണ് ലിസ്റ്റിലെ ബില്യണയര്‍മാരുടെ മൊത്തം ആസ്തി എത്തിയത്. 2,402 കമ്പനികളില്‍ നിന്നും 68 രാജ്യങ്ങളില്‍ നിന്നുമുള്ള 3228 ശതകോടീശ്വരന്മാരെ ഹ്യൂറന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021 റാങ്ക് ചെയ്യുന്നു. 2021 ജനുവരി 15 അടിസ്ഥാനമാക്കിയാണ് സമ്പത്ത് കണക്കുകൂട്ടിയിട്ടുള്ളത്.
ഈ വര്‍ഷം 151 ബില്യണ്‍ ഡോളര്‍ സ്വത്തിലേക്ക് കൂട്ടിച്ചേര്‍ത്ത് ടെസ്ലയുടെ എലോണ്‍ മസ്ക് ഇതാദ്യമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി, 197 ബില്യണ്‍ ഡോളര്‍ അറ്റ ആസ്തിയാണ് മസ്കിനുള്ളത്. ആമസോണിന്‍റെ തലവന്‍ ജെഫ് ബെസോസ് 189 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനി എല്‍വിഎംഎച്ച് മോയെറ്റ് ഹെന്നെസി-ലൂയിസ് വുയ്ട്ടണിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ബെര്‍ണാള്‍ഡ് അര്‍നോള്‍ട്ടാണ് 114 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുള്ളത്. ബില്‍ ഗേറ്റ്സ് (മൈക്രോസോഫ്റ്റ്), മാര്‍ക്ക് സുക്കര്‍ബര്‍ഗ് (ഫേസ്ബുക്ക്) എന്നിവര്‍ പിന്നീടുള്ള സ്ഥാനങ്ങളിലുണ്ട്.
83 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. ഏഷ്യയിലെ രണ്ടാം സ്ഥാനവും ആഗോള തലത്തില്‍ എട്ടാം സ്ഥാനവുമാണ് അംബാനിക്കുള്ളത്. ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ശിവ്നാദര്‍ (എച്ച്സിഎല്‍ ഗ്രൂപ്പ്), ലക്ഷ്മി എന്‍ മിത്തല്‍ (ആഴ്സലര്‍ മിത്തല്‍), സൈറസ് പൂനവല്ല (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) എന്നിവരാണ് ഇന്ത്യയിലെ മുന്‍നിര ശതകോടീശ്വരന്മാര്‍ എന്ന് ഹുറന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021 പറയുന്നു. 1.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇന്‍സ്റ്റാകാര്‍ട്ടിന്‍റെ അപൂര്‍വ മേത്ത, 1.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സീറോധായുടെ നിഖില്‍ കാമത്ത് എന്നിവരാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാര്‍.
‘കോവിഡ് -19 മൂലമുണ്ടായ തടസ്സങ്ങള്‍ക്കിടയിലും, കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ സമ്പത്ത് വര്‍ധന ഈ വര്‍ഷം കണ്ടു. ക്വാണ്ടിറ്റേറ്റീവ് ലഘൂകരണവും പുതിയ ലിസ്റ്റിംഗുകളുടെ വേഗതയും മൂലം ഓഹരി വിപണിയിലുണ്ടായ കുതിച്ചുചാട്ടം ആഴ്ചയില്‍ ഡോളര്‍ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ എട്ട് പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു “ഹ്യൂറന്‍ റിപ്പോര്‍ട്ട് ചെയര്‍മാനും മുഖ്യ ഗവേഷകനുമായ റൂപര്‍ട്ട് ഹൂഗെവര്‍ഫ് പറഞ്ഞു.
മൂന്ന് വ്യക്തികള്‍ ഒരു വര്‍ഷക്കാലയളവില്‍ 50 ബില്യണ്‍ ഡോളര്‍ സമ്പത്തില്‍ കൂട്ടിച്ചേര്‍ത്തു. എലോണ്‍ മസ്ക്ക് 151 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ആമസോണിന്‍റെ ജെഫ് ബെസോസ്, പിന്‍ഡുഡുവോയുടെ കോളിന്‍ ഹുവാങ് എന്നിവര്‍ 50 ബില്യണ്‍ ഡോളര്‍ വീതം ചേര്‍ത്തു. പട്ടികയിലെ 71 ശതമാനത്തോളവും സ്വയം വളര്‍ന്നുവന്നവരാണ്. 29 ശതമാനത്തിന് പരമ്പരാഗത സ്വത്തിന്‍റെ പിന്‍ബലമുണ്ട്.
രാജ്യാടിസ്ഥാനത്തില്‍ ചൈനയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാര്‍, 1058. തൊട്ടുപിന്നില്‍ യുഎസ്, ഇന്ത്യ എന്നിവയുണ്ട്. ശതകോടീശ്വരന്മാരില്‍ 51 ശതമാനവും ഏഷ്യയിലാണ്. ഇന്ത്യയില്‍ ഇപ്പോള്‍ 209 ശതകോടീശ്വരന്മാരുണ്ട് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.