വേള്‍ഡ് കാര്‍ അവാര്‍ഡുകള്‍ : ടോപ് ത്രീ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
1 min readആകെ അഞ്ച് വിഭാഗങ്ങളിലാണ് വേള്‍ഡ് കാര്‍ അവാര്‍ഡുകള്‍ നല്‍കുന്നത്
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍. ഓരോ വിഭാഗത്തിലെയും ടോപ് ത്രീ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ആകെ അഞ്ച് വിഭാഗങ്ങളിലാണ് വേള്‍ഡ് കാര്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. ആഗോളതലത്തിലെ 93 അംഗ ജൂറിയാണ് രണ്ടാം റൗണ്ടില്‍ വോട്ട് ചെയ്തശേഷം ഓരോ വിഭാഗത്തിലെയും മൂന്ന് കാറുകളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.
വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ വിഭാഗത്തില്‍ ഹോണ്ട ഇ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ ഐഡി.4 എന്നീ കാറുകളാണ് അവസാന മൂന്നില്‍ ഇടം പിടിച്ചത്. 2015 നുശേഷം ഇതാദ്യമായാണ് ഒരു പൂര്‍ണ എസ്‌യുവി ഇല്ലാതെ ടോപ് ത്രീ പട്ടിക പ്രഖ്യാപിക്കുന്നത്. മാത്രമല്ല, വളരെകാലത്തിനുശേഷമാണ് രണ്ട് ഹാച്ച്ബാക്കുകള്‍ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ പ്രവേശിക്കുന്നത്. കൂടാതെ, ടോപ് ത്രീ ഫൈനലിസ്റ്റുകളില്‍ ഇത്തവണ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്.
2021 വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ അവാര്‍ഡിന് ഔഡി ആര്‍എസ് ക്യു8 സ്‌പോര്‍ട്‌സ് എസ്‌യുവി, പോര്‍ഷ 911 ടര്‍ബോ, ടൊയോട്ട ജിആര്‍ യാരിസ് എന്നീ മോഡലുകളാണ് അവസാന മൂന്നില്‍ ഇടം പിടിച്ചത്. ആദ്യ രണ്ട് മോഡലുകള്‍ വമ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതാണെങ്കില്‍ ഹോട്ട് ഹാച്ച് കൂടി ഇവരുടെ കൂടെ ഫൈനല്‍ പോരാട്ടത്തിന് തയ്യാറാകുന്നത് ശ്രദ്ധേയമാണ്.
2021 വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തില്‍ യാരിസ് നെയിംപ്ലേറ്റ് ഒരിക്കല്‍കൂടി സ്ഥാനം പിടിച്ചു. എന്നാല്‍ ജിആര്‍ വേരിയന്റ് അല്ല. ഹോണ്ട ഇ, ഹോണ്ട ജാസ് എന്നിവയാണ് മറ്റ് രണ്ട് കാറുകള്‍. ഹോണ്ട ജാസ് ചില വിപണികളില്‍ ഹോണ്ട ഫിറ്റ് എന്നാണ് അറിയപ്പെടുന്നത്. ടോപ് 5 ലിസ്റ്റില്‍ ഉണ്ടായിരുന്ന ഹ്യുണ്ടായ് ഐ20, ഗ്രാന്‍ഡ് ഐ10 മോഡലുകള്‍ക്ക് അവസാന മൂന്നില്‍ കയറിക്കൂടാന്‍ കഴിഞ്ഞില്ല.
മൂന്ന് വിഭാഗങ്ങളില്‍ ടൊയോട്ട യാരിസ് ടോപ് ത്രീ ആയപ്പോള്‍ ഈ വര്‍ഷം ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റുകയാണ് ഹോണ്ട ഇ. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് അര്‍ബന്‍ കാര്‍ എന്നീ വിഭാഗങ്ങളിലെ ടോപ് ത്രീ കൂടാതെ വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡ് വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലും ഹോണ്ട ഇ സ്ഥാനം പിടിച്ചു. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, മാസ്ഡ എംഎക്‌സ് 30 എന്നിവയാണ് മറ്റ് രണ്ട് കാറുകള്‍.
2021 വേള്‍ഡ് ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, പോള്‍സ്റ്റാര്‍ 2, മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ് എന്നീ മോഡലുകളാണ് അവസാന മൂന്നില്‍ ഇടം പിടിച്ചത്. മൂന്ന് കാറുകളും വളരെ വ്യത്യസ്ത മോഡലുകളാണ്.
കൊറിയന്‍, അമേരിക്കന്‍ കാറുകള്‍ ടോപ് ത്രീ പട്ടികയില്‍ ഇല്ല. വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ അന്തിമ ഫലം ഏപ്രില്‍ 20 ന് പ്രഖ്യാപിക്കും.