2021 ട്രയംഫ് സ്പീഡ് ട്വിന്‍ പ്രീ ബുക്കിംഗ് ആരംഭിച്ചു
പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിള്‍ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തു. 50,000 രൂപയാണ് ബുക്കിംഗ് തുക
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 2021 മോഡല്‍ ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പരിഷ്‌കരിച്ച മോഡല്‍ ലിസ്റ്റ് ചെയ്തു. മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.
കഴിഞ്ഞയാഴ്ച്ചയാണ് 2021 ട്രയംഫ് സ്പീഡ് ട്വിന്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തത്. കൂടുതല്‍ പെര്‍ഫോമന്‍സ്, വ്യത്യസ്ത സസ്‌പെന്‍ഷനും ടയറുകളും, ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ എന്നിവയോടെയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചത്. ട്രയംഫ് ബോണവില്‍ കുടുംബത്തിലെ ഹൈ പെര്‍ഫോമന്‍സ് റോഡ്സ്റ്ററാണ് സ്പീഡ് ട്വിന്‍. 1,200 സിസി, ‘ഹൈ പവര്‍’, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ കൂടുതലായി 500 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും. അതായത്, ഇപ്പോള്‍ 7,250 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു. കൂടാതെ, ഇപ്പോള്‍ 4,250 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്ക് പരമാവധി സൃഷ്ടിക്കും. 500 ആര്‍പിഎം കുറവ്. മിഡ് റേഞ്ചില്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍.
സസ്പെന്‍ഷനിലും മാറ്റങ്ങള്‍ വരുത്തി. കാര്‍ട്രിഡ്ജ് ഡാംപിംഗ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം 43 എംഎം മര്‍സോച്ചി ഫോര്‍ക്കുകളാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. ക്രമീകരിക്കാന്‍ കഴിയുന്ന പ്രീലോഡ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നില്‍ സസ്പെന്‍ഷന്‍ നിര്‍വഹിക്കുന്നു. ബ്രേക്കിംഗ് പെര്‍ഫോമന്‍സും മെച്ചപ്പെടുത്തി. മുന്നില്‍ പുതുതായി ഹൈ സ്പെക് ബ്രെംബോ 4 പിസ്റ്റണ്‍ എം50 റേഡിയല്‍ മോണോബ്ലോക്ക് കാലിപറുകള്‍ സഹിതം 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ നിസിന്‍ 2 പിസ്റ്റണ്‍ കാലിപര്‍ സഹിതം 220 എംഎം ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 2021 മോഡലിനായി മെച്ചപ്പെടുത്തിയ റെയ്ന്‍, റോഡ്, സ്പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കി. 3ഡി അനലോഗ് ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ കൂടെ ഇപ്പോള്‍ മെനു സഹിതം ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കി.