7 സീറ്റർ എസ് യുവി : പുതിയ ഡിസ്കവറി ഇന്ത്യയിൽ
ഇന്ത്യ എക്സ് ഷോറൂം വില 88.06 ലക്ഷം രൂപ മുതൽ
ഫേസ് ലിഫ്റ്റ് ചെയ്ത ലാൻഡ് റോവർ ഡിസ്കവറി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 88.06 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്സ് ഷോറൂം വില. ഡിസ്കവറി, ഡിസ്കവറി ആർ ഡൈനാമിക് എന്നീ രണ്ട് വകഭേദങ്ങളിലും എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ മൂന്ന് വേരിയന്റുകളിലും മൂന്നുനിര സീറ്റുകളോടുകൂടിയ എസ് യുവി ലഭിക്കും. എല്ലാ വേരിയന്റുകളുടെയും വില വിവരങ്ങൾ ലാൻഡ് റോവർ വെളിപ്പെടുത്തിയിട്ടില്ല. ബിഎംഡബ്ല്യു എക്സ്5, മെഴ്സേഡസ് ബെൻസ് ജിഎൽഇ, ഔഡി ക്യു7, വോൾവോ എക്സ് സി 90 എന്നീ മറ്റ് ആഡംബര എസ് യുവികളാണ് എതിരാളികൾ.
മുൻഗാമിയുമായി വളരെയധികം സാമ്യമുള്ളതാണ് പുതിയ ഡിസ്കവറി. അതേസമയം ചിലയിടങ്ങളിൽ എക്സ്റ്റീരിയർ സ്റ്റൈലിംഗ് മെച്ചപ്പെടുത്തി. പുതിയ ഡിസ്കവറി സ്പോർട്ടുമായി അനുസൃതമാക്കുന്നതിന് മുൻ ഭാഗം റീസ്റ്റൈൽ ചെയ്തു. പുതിയ ബംപർ, റീസ്റ്റൈൽ ചെയ്ത ഗ്രിൽ, ഉയർന്ന വേരിയന്റുകളിൽ ഇപ്പോൾ എൽഇഡി മാട്രിക്സ് ടെക്നോളജി സഹിതം ഹെഡ്ലാംപുകൾ എന്നിവയാണ് മുന്നിലെ പ്രധാന മാറ്റങ്ങൾ. പിറകിൽ ടെയ്ൽഗേറ്റിന്റെ സവിശേഷ പ്രൊഫൈൽ തുടർന്നു. അതേസമയം പുതിയ ബംപർ, ബോൾഡ് എൽഇഡി സഹിതം പുതുക്കിപ്പണിത ടെയ്ൽ ലാംപുകൾ എന്നിവ നൽകി ഡിസൈൻ മെച്ചപ്പെടുത്തി. ഗ്രിൽ, ബംപർ, ബോഡി ക്ലാഡിംഗ്, അലോയ് വീലുകൾ, വിംഗ് മിററുകൾ, റൂഫ് എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിച്ചതാണ് പുതിയ ആർ ഡൈനാമിക് വേരിയന്റ്.
വിപണി വിടുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഡിസ്കവറിയുടെ കാബിനിൽ അതേ ബേസിക് ലേഔട്ട് നിലനിർത്തി. അതേസമയം നിരവധി പരിഷ്കാരങ്ങളും ലഭിച്ചു. ഡാഷ്ബോർഡിന്റെ മധ്യത്തിൽ പുതിയ 11.4 ഇഞ്ച് പിവി പ്രോ ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം നൽകി. ജാഗ്വാർ ലാൻഡ് റോവറിന്റെ എല്ലാ പുതിയ മോഡലുകളിലും ഈ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം കാണാം. നേരത്തെ 10.0 ഇഞ്ച് ടച്ച് പ്രോ ഡിസ്പ്ലേയാണ് നൽകിയിരുന്നത്. പുതിയ ടച്ച് കൺട്രോളുകൾ നൽകി എസി പാനൽ റീസ്റ്റെൽ ചെയ്തു. മുൻഗാമിയിലെ റോട്ടറി ഗിയർ നോബിന് പകരം കൂടുതൽ പരമ്പരാഗതമായ ഗിയർ സെലക്റ്റർ നൽകി. പുതിയ ഡിഫെൻഡറിൽ കണ്ടതുപോലെ പുതുതായി തടിച്ച, 4 സ്പോക്ക് സ്റ്റിയറിംഗ് വളയം ലഭിച്ചു. കൂടുതൽ ഇരിപ്പുസുഖം ലഭിക്കുന്നതിന് രണ്ടാം നിര സീറ്റുകൾ റീഡിസൈൻ ചെയ്തതായി ലാൻഡ് റോവർ അറിയിച്ചു.
ഫീച്ചറുകളുടെ കണക്കെടുപ്പ് നടത്തിയാൽ, ഒടിഎ അപ്ഡേറ്റുകൾ, കണക്റ്റഡ് കാർ ടെക് എന്നിവ സഹിതം പുതിയ പിവി പ്രോ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, മെമ്മറി ഫംഗ്ഷൻ സഹിതം മുന്നിൽ ഹീറ്റഡ്, കൂൾഡ് സീറ്റുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ പൊരുത്തം, പിഎം 2.5 കാബിൻ എയർ ഫിൽട്രേഷൻ സംവിധാനം, മുന്നിലെ സീറ്റുകളുടെ പിന്നിൽ ലാൻഡ് റോവറിന്റെ ക്ലിക്ക് ആൻഡ് ഗോ ടാബ് ലറ്റ് ഹോൾഡറുകൾ, മെറിഡിയൻ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പാർക്കിംഗ് കാമറ, ലാൻഡ് റോവറിന്റെ ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ കാമറ സംവിധാനം, മാട്രിക്സ് എൽഇഡി ഹെഡ്ലാംപുകൾ, ഓട്ടോമാറ്റിക് ഹെഡ്ലാംപുകളും വൈപ്പറുകളും, രണ്ട് മൂന്ന് നിരകളിൽ ഇലക്ട്രിക്കലായി മടക്കാവുന്ന സീറ്റുകൾ, നിരവധി ഡ്രൈവിംഗ് അസിസ്റ്റൻസ് സാങ്കേതിക വിദ്യകൾ എന്നിവ ഡിസ്കവറി ആർ ഡൈനാമിക് എച്ച്എസ്ഇ എന്ന ടോപ് സ്പെക് വേരിയന്റിലെ ഫീച്ചറുകളാണ്.
ആക്റ്റിവിറ്റി കീ, പനോരമിക് സൺറൂഫ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഹാൻഡ്സ് ഫ്രീ ജെസ്ചർ ടെയ്ൽഗേറ്റ്, 4 സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഓപ്ഷണൽ എക്സ്ട്രാകളാണ്. മുമ്പത്തേപ്പോലെ അഡാപ്‌റ്റീവ് ഡാംപറുകൾ, സ്റ്റാൻഡേഡ് എയർ സസ്പെൻഷൻ, ടെറെയ്ൻ റെസ്പോൺസ് 2 ട്രാക്ഷൻ മോഡുകൾ എന്നിവ തുടർന്നും നൽകി.
രണ്ട് പെട്രോൾ, ഒരു ഡീസൽ ഉൾപ്പെടെ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ലാൻഡ് റോവർ ഡിസ്കവറി ഫേസ് ലിഫ്റ്റ് വരുന്നത്. 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിൻ 300 എച്ച്പി കരുത്തും 400 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. 3.0 ലിറ്റർ, ഇൻ ലൈൻ 6 സിലിണ്ടർ, പെട്രോൾ എൻജിൻ പരമാവധി പുറപ്പെടുവിക്കുന്നത് 360 എച്ച്പി കരുത്തും 500 എൻഎം ടോർക്കുമാണ്. 3.0 ലിറ്റർ, ഇൻ ലൈൻ 6 സിലിണ്ടർ ഡീസൽ എൻജിൻ പരമാവധി സൃഷ്ടിക്കുന്നത് 300 എച്ച്പി കരുത്തും 650 എൻഎം ടോർക്കുമാണ്. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് രണ്ട് 3.0 ലിറ്റർ എൻജിനുകളുമായി 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനം കൂടെ നൽകി. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ്, ഓൾ വീൽ ഡ്രൈവ് സിസ്റ്റം എന്നിവ എല്ലാ വേരിയന്റുകൾക്കും സ്റ്റാൻഡേഡായി ലഭിച്ചു.