ചൂടേറി പ്രചാരണം; ആവേശം കൊടുമുടി കയറുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രധാന മത്സരം ഭരണകക്ഷിയായ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും മത്സരരംഗത്തുണ്ടെങ്കിലും, അവര്‍ ഏതാനും സീറ്റുകളില്‍ മാത്രമുള്ള ശക്തിയായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം സംസ്ഥാനത്തെ നിരവധി സീറ്റുകളില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കാനുള്ള വോട്ടിംഗ് ശതമാനം എന്‍ഡിഎയ്ക്ക് ഉണ്ട്. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച മറ്റ് രണ്ടുമുന്നണികളുടെ ഉറക്കം കെടുത്തുന്നുമുണ്ട്.
ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. അദ്ദേഹം ഇപ്പോള്‍ 10 ജില്ലകളില്‍ പ്രചരണം നടത്തിക്കഴിഞ്ഞു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം, പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളുടെ ബാഹുല്യം അവര്‍ക്ക് ഒരേസമയം അനുഗ്രഹവും അതേപോലെ പ്രതിസന്ധിയും തീര്‍ക്കുന്നുണ്ട്. ബിജെപിയാകട്ടെ രണ്ട് തവണ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെപ്പോലുള്ള സ്റ്റാര്‍ കാമ്പെയ്നര്‍മാരെ വളരെയധികം ആശ്രയിക്കുന്നു. ഇപ്പോള്‍ എല്ലാ കണ്ണുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്. അദ്ദേഹം ഒരു സന്ദര്‍ശനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നു.
ആദ്യം പ്രചാരണത്തിന് തുടക്കമിട്ട ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടെന്ന് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നു.അവരുടെ പ്രധാന പരസ്യ വാചകമായ ‘ ഉറപ്പാണ് എല്‍ഡിഎഫ്’ അണികള്‍ക്കിടയില്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നതായി കരുതപ്പെടുന്നുണ്ട്. വോട്ടെടുപ്പിന് മുമ്പു നടന്ന എല്ലാ സര്‍വേകളിലും സര്‍ക്കാരിന്‍റെ തുടര്‍ഭരണ സാധ്യത പ്രവചിക്കുന്നുണ്ട്. അതേസമയം ഇതുവരെ നടന്ന സര്‍വേകളെല്ലാം തട്ടിപ്പുകളാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി ആരോപിക്കുന്നു.ഡെല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയ ആന്‍റണി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നു. “എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെപ്പോലെ കേരളം വീണ്ടും നാശോന്മുഖമാകും. അഹങ്കാരത്തിന്‍റെയും സമ്പൂര്‍ണ്ണ അഴിമതിയുടെയും പ്രതീകമാണ് ഈ സര്‍ക്കാര്‍. ഒരു സാഹചര്യത്തിലും വോട്ടര്‍മാര്‍ തെറ്റ് ചെയ്യരുത് ‘ മുന്‍മുഖ്യമന്ത്രി പറഞ്ഞു. ‘ഈ സുഗമമായ സംഭാഷണങ്ങളും പുഞ്ചിരിക്കുന്ന വിജയനും കുറച്ച് ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കൂ, ഇത് വോട്ടിംഗ് ദിവസം വരെയുള്ള ഒരു മറവാണ്. അദ്ദേഹത്തിന്‍റെ ശരീരഭാഷയുടെ പെട്ടെന്നുള്ള ഈ മാറ്റത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കപ്പെടരുത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അധികാരം നിലനിര്‍ത്തി തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിക്കാനുള്ള വഴിയിലാണ് എല്‍ഡിഎഫ് എന്ന് 10 ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസമുണെന്നാണ് സൂചന. ‘സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ ശക്തികളെ അകറ്റിനിര്‍ത്തുന്നതിലൂടെ ഇടതുപക്ഷത്തിന് മാത്രമേ വികസനത്തിന് ഉറപ്പ് നല്‍കാനും മതേതര കേരളം ഉറപ്പുവരുത്താനും കഴിയുകയുള്ളൂവെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ എന്നിവയില്‍ വന്ന വലിയ മാറ്റങ്ങള്‍ പരിശോധിക്കുക “വിജയന്‍ പറയുന്നു.
അതേസമയം ഇടതുപക്ഷത്തെയും യുഡിഎഫിനെയും സംസ്ഥാനം പരീക്ഷിച്ചതിനാല്‍ ബിജെപിക്ക് അവസരം നല്‍കേണ്ട സമയമാണിതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 അംഗ കേരള നിയമസഭയില്‍ ഒരു സീറ്റ് നേടി ബിജെപിക്ക് എക്കൗണ്ട് തുറക്കാനും ഏഴ് നിയോജകമണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞിരുന്നു. ഇക്കുറി ബിജെപി നില മെച്ചപ്പെടുത്തുമെന്നുതന്നെയാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. ഒപ്പം വോട്ട് വിഹിതവും വര്‍ധിക്കും. എന്നാല്‍ കഴിഞ്ഞ തവണ ബിജെപി വിജയിച്ച ഏക സീറ്റ് അവര്‍ക്ക് നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ അംഗം കെ. മുരളീധരന്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റിലാണ് ബിജെപി കഴിഞ്ഞതവണ വിജയിച്ചത്. ഇക്കുറി അവിടെ കോണ്‍ഗ്രസിനുവേണ്ടി കളത്തിലിറങ്ങുന്നത് മുരളീധരനാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലം കൂടിയാണ് നേമം.