November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഴിമതി ആഗ്രഹിക്കുന്നുവെങ്കില്‍ ദീദിക്ക് വോട്ടുചെയ്യുക. വികസനത്തിന് മോദിയെ പിന്തുണയ്ക്കുക: അമിത് ഷാ

1 min read

കൊല്‍ക്കത്ത: സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുരുലിയയിലെ ബാഗമുണ്ടിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പ് 27ന് നടക്കാനിരിക്കുകയാണ്.

ഇടതുമുന്നണിയോ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സര്‍ക്കാരുകളോ ഇവിടെ വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഷാ ആരോപിച്ചു. ‘ഒന്നാമതായി, വ്യവസായങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ ഇടതുപക്ഷം അനുവദിച്ചില്ല, പിന്നെ ദീദിയും വ്യവസായങ്ങളെ അകറ്റിക്കളഞ്ഞു. ടിഎംസിയോ ഇടതുപക്ഷമോ ആകട്ടെ അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ വോട്ടര്‍മാര്‍ എന്‍ഡിഎയെ പിന്തുണയ്ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരമന്ത്രി അമിത് ഷാ പുരുലിയ, ജാര്‍ഗ്രാം, പൂര്‍ബ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ നാല് പൊതുയോഗങ്ങളില്‍ പങ്കെടുത്തു. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കും. “തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്-വികസനപദ്ധതികള്‍ക്കായി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുക, അഴിമതിയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ മമതക്ക് വോട്ടുചെയ്യുക’ ഷാ പറഞ്ഞു.

പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് പ്രചാരണ വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ആവര്‍ത്തിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മമത ഇത് നിഷേധിച്ചു. സംസ്ഥാനത്തിന്‍റെ പ്രകടനം പല മേഖലകളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്ന് അവര്‍ അവകാശപ്പെട്ടു.

ഈ തെരഞ്ഞെടുപ്പില്‍ സാമ്പത്തിക കാര്യങ്ങളും തൊഴിലും ഒരു മുഖ്യവിഷയമായിരിക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാകയാല്‍ ഭാഗ്യപരീക്ഷണത്തിന് ഇരുകൂട്ടരും നില്‍ക്കില്ല. തുടക്കത്തില്‍ മമതയ്ക്ക് സംസ്ഥാനത്തുണ്ടായിരുന്ന സ്വാധീനത്തില്‍ ഇപ്പോള്‍ ഇടിവുസംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അവര്‍ മുന്നിട്ടുതന്നെ നില്‍ക്കുന്നതായാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. തൊട്ടുപിന്നില്‍ത്തന്നെ ബിജെപിയുള്ളത് ദീദിയുടെ ഉറക്കംകെടുത്തുന്നുണ്ട്.

Maintained By : Studio3