2020 നാലാംപാദം: ആഗോള പിസി ചരക്കുനീക്കം 91.6 മില്യണ്‍ യൂണിറ്റുകള്‍
2020 നാലാം പാദത്തിൽ ആഗോള പേഴ്സണല്‍ കംപ്യൂട്ടര്‍ ചരക്കുനീക്കം മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 26.1 ശതമാനം വളർച്ച നേടി 91.6 ദശലക്ഷം യൂണിറ്റിലെത്തിയതായി ഐഡിസി തിങ്കളാഴ്ച അറിയിച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് വീട്ടിൽ നിന്നുള്ള ജോലിയും ഓണ്‍ലൈന്‍ പഠനവും വ്യാപകമായ പശ്ചാത്തലത്തിലാണ് വന്‍ വര്‍ധന. ഐഡിസിയുടെ ‘വേൾഡ് വൈഡ് ക്വാർട്ടർലി പേഴ്സണൽ കമ്പ്യൂട്ടിംഗ് ഡിവൈസ് ട്രാക്കർ’ പ്രകാരം 25.2 ശതമാനം വിഹിതത്തോടെ ലെനോവോ ആഗോള പിസി കയറ്റുമതിയിൽ മുന്നിലെത്തി. എച്ച്പി ഇന്‍ക് 20.9 ശതമാനവും ഡെൽ 17.2 ശതമാനവും നേടി.
പരമ്പരാഗത പിസികൾ (ഡെസ്‌ക്‌ടോപ്പുകൾ, നോട്ട്ബുക്കുകൾ, വർക്ക്സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ) വീണ്ടും ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകത പ്രകടമാക്കി. 2020 മുഴുവൻ വർഷത്തിൽ 13.1 ശതമാനം വളർച്ച ഈ വിഭാഗം നേടി. പിസി വിപണിയിൽ ഇത്രവലിയ വാർഷിക വളർച്ച അവസാനമായി കണ്ടത് 2010 ലാണ്. അന്ന് 13.7 വളര്‍ച്ച നേടി.