മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തിയറ്ററുകള്‍ തുറക്കാന്‍ ധാരണ
സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. വിവിധ സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം . ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് എന്നിവയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
തിയറ്ററുകള്‍ തുറക്കുന്ന തീയതി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും കോവിഡ് 19 ലോക്ക്ഡൌണ്‍ മുതല്‍ അടച്ചിട്ടിരുന്ന കാലത്തെ നഷ്ടങ്ങള്‍ കൂടി കണക്കിലെടുത്ത് ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നതുവരെ തിയറ്റര്‍ തുറക്കേണ്ടെന്ന് സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.
ലൈസന്‍സുകള്‍ പുതുക്കുന്നതിന് തിയറ്റര്‍ ഉടമകള്‍ക്ക് സാവകാശം അനുവദിക്കും. സാമ്പത്തിക നഷ്ടം പരിഗണിച്ച് നികുതിയിളവ് ഉള്‍പ്പടെയുള്ള ചില നടപടികള്‍ ഉണ്ടായേക്കും. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.