പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിന് സുപ്രീംകോടതി അനുമതി
1 min readന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി. മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷവിധിയിലാണ് പാര്‍ലമെന്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസന പദ്ധതിക്ക് അനുമതി നല്‍കിയത്.
നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് പൈതൃക സംരക്ഷണ സമിതിയുടെ അനുമതി ആവശ്യമാണെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവര്‍ പറഞ്ഞു. 1,200 എംപിമാര്‍ക്ക് ഇരിക്കാവുന്ന പുതിയ ത്രികോണ പാര്‍ലമെന്റ് കെട്ടിടമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓഗസ്റ്റില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്കെതിരായി സമര്‍പ്പിക്കപ്പെട്ടിരുന്ന ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി മുന്‍പ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നതിന് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. അതിന്‍പ്രകാരം കഴിഞ്ഞമാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടിരുന്നു. ഭൂവിനിയോഗത്തില്‍ നിയമവിരുദ്ധമായ മാറ്റം വരുത്തിയെന്നാരോപിച്ചാണ് വിസ്ത പദ്ധതിക്കെതിരെ ചിലര്‍ കോടതിയെ സമീപിച്ചിരുന്നത്. അപേക്ഷകര്‍ ഇതിനെതിരെ രംഗത്തുവരികയും പദ്ധതി റദ്ദാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.ഇപ്പോള്‍ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടതോടെ അത് കേന്ദ്രസര്‍ക്കാരിനും ആശ്വാസമായി. സര്‍ക്കാരിന്റെ അഭിമാന പദ്ധതിക്ക് ഏകദേശം 971കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.