‘ഞാൻ ലോകത്തിന്റെ നെറുകയിലായിരുന്നു’ വനിത ജീവനക്കാർ മാത്രമുള്ള വിമാനം പറത്തിയ ക്യാപ്റ്റൻ സോയ അഗർവാൾ
1 min readഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് അഭിമാനത്തിന്റെ ദിവസമായിരുന്നു ഇന്നലെ. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള എഐ-176 എന്ന വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ പിറന്നത് പുതു ചരിത്രമാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോക്പിറ്റിൽ സ്ത്രീകൾ മാത്രമായി ഒരു ദീർഘദൂര വിമാനം പറക്കുന്നത്. ക്യാപ്റ്റൻ സോയ അഗർവാൾ അടക്കം നാല് വനിതകളാണ് സാൻഫ്രാൻസിസ്കോ-ബെംഗളൂരു വിമാനത്തിന്റെ കോക്പിറ്റിൽ ഉണ്ടായിരുന്നത്.
പതിനേഴ് മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ബെംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങി ലോഞ്ചിലേക്ക് തലയുയർത്തിപ്പിടിച്ച് നടന്നെത്തിയ പെൺപടയ്ക്ക് വൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. നോർത്ത് പോളിന് മുകളിലൂടെ വിമാനം പറത്തിയപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തിയ അനുഭവമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്ന് ക്യാപ്റ്റൻ സോയ അഗർവാൾ പറഞ്ഞു. ക്യാപ്റ്റൻ പാപഗരി തൻമയി, ക്യാപ്റ്റൻ അകാൻസ സോനവരെ, ക്യാപ്റ്റൻ ശിവാനി മൻഹസ് തുടങ്ങിയവരാണ് കോക്പിറ്റിലുണ്ടായിരുന്ന മറ്റ് വനിത ജീവനക്കാർ.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരി, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ തുടങ്ങിയവർ രാജ്യത്തിന് അഭിമാനമായി മാറിയ വനിത ക്യാപ്റ്റന്മാരെ അഭിനന്ദിച്ചു.