കൊറോണ വ്യാപനം രാജ്യത്ത് താഴ്ന്ന നിരക്കില്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,311 പുതിയ കൊറോണ വൈറസ് അണുബാധകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ പുതിയ വൈറസ് ബാധിതരുടെ ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,04,66,595 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 161 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരണമടഞ്ഞതെന്ന് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം പറയുന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,00,92,909 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,22,526 സജീവ കേസുകളുണ്ട്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.43 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്. മൊത്തം 19,69,114 കേസുകളുള്ള മഹാരാഷ്ട്രയാണ് ഇന്നുവരെ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനമായി തുടരുന്നത്. പ്രതിദിനം പുതിയ കേസുകളില്‍ 82.25 ശതമാനവും കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ബീഹാര്‍, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യം കാത്തിരിക്കുന്ന മാസ് വാക്‌സിനേഷന്‍ ഡ്രൈവ് ഈമാസം 16 മുതല്‍ ആരംഭിക്കും. രണ്ടു വാക്‌സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ട് കോടി ഫ്രണ്ട് ലൈന്‍ പ്രവര്‍ത്തകര്‍, അവശ്യ തൊഴിലാളികള്‍, 50 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കാകും പ്രത്യേക പരിഗണന.
അതേസമയം ചൈനയില്‍ കൊറോണ വൈറസ്് വീണ്ടും വര്‍ധിക്കുന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞദിവസം ചൈനയില്‍ 103 പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 85 എണ്ണം പ്രാദേശികമായി പകരുന്നവയാണ്, ബാക്കി 18 എണ്ണം പുറത്തുനിന്നാണ് വന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. പ്രാദേശികമായി പകരുന്ന കേസുകളില്‍ 82 എണ്ണം ഹെബി പ്രവിശ്യയിലും രണ്ടെണ്ണം ലിയോണിംഗിലും ഒന്ന് ബെയ്ജിംഗിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതതെന്ന്് കമ്മീഷന്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച അവസാനത്തോടെ 4,430 വൈറസ് കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ 4,132 പേര്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. 298 പേര്‍ ആശുപത്രിയില്‍ തുടരുകയാണ്.
ഫ്രാന്‍സില്‍ കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതാണെങ്കിലും കഴിഞ്ഞദിവസം പ്രതിദിന വര്‍ധനവില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 15,944 പുതിയ കൊറോണ വൈറസ് കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുമ്പ് 20,177 പുതിയ കേസുകളാണ് അവിടെ രേഖപ്പെടുത്തിയത. മരണ നിരക്കിലും കുറവുണ്ട്. എങ്കിലും യുകെക്ക് ശേഷം യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യാപന നിരക്കുതന്നെയാണ് ഫ്രാന്‍സില്‍ ഉള്ളത്.