കാറും റോഡും ഇല്ലാത്ത സീറോ കാർബൺ സിറ്റി പ്രഖ്യാപനവുമായി സൌദി കിരീടാവകാശി
1 min readറിയാദ്: എണ്ണയ്ക്കപ്പുറത്തേക്ക് സൌദി അറേബ്യയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മറ്റൊരു സ്വപ്ന പദ്ധതി കൂടി പ്രഖ്യാപിച്ച് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. കാറുകളോ റോഡുകളോ ഇല്ലാത്ത കാർബൺ മലിനീകരണം ഒട്ടുമില്ലാത്ത ഈ പദ്ധതിയുടെ പേര് ‘ദ ലൈൻ’ എന്നാണ്.
നേരത്തെ പ്രഖ്യാപിച്ച 500 ബില്യൺ ഡോളറിന്റെ ബൃഹത് പദ്ധതിയായ നിയോം സിറ്റുയുടെ ഭാഗമായിരിക്കും 170 കിലോമീറ്റർ നീളത്തിലുള്ള ദ ലൈൻ എന്ന് ടെലിവിഷനിലൂടെ രാജ്യത്ത് അഭിസംബോധന ചെയ്തുകൊണ്ട് കിരീടാവകാശി അറിയിച്ചു. ആദ്യപാദത്തിൽ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പത്ത് ലക്ഷം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന,100-200 ബില്യൺ ഡോളറിനടുത്ത് ചിലവ് പ്രതീക്ഷിക്കുന്ന ദ ലൈൻ പദ്ധതിയിലൂടെ 2030ഓടെ 380,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൌദിയുടെ അഭിമാന പദ്ധതിയാണ് നിയോം സിറ്റി. എണ്ണയ്ക്കപ്പുറത്തേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 2017ലാണ് മുഹമ്മദ് ബിൻ സൽമാൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വടക്ക്പടിഞ്ഞാറൻ മേഖലയിലുള്ള ഉൾഗ്രാമമാണ് പദ്ധതി പ്രദേശമായി തെരഞ്ഞെടുത്തിരിക്കുന്നത്. 10,000 ചതുരശ്ര മൈൽ ചുറ്റളവിലുള്ള ഈ മേഖല ഭാവിയിൽ നിരവധി ടെക്നോളജികളുടെയും ബിസിനസുകളുടെയും ഹബ്ബായി മാറുമെന്നാണ് സൌദിയുടെ പ്രതീക്ഷ. അതേസമയം പ്രതീക്ഷിക്കുന്നത് പോലെയുള്ള നിക്ഷേപം സ്വന്തമാക്കാൻ നിയോം സിറ്റി പദ്ധതിക്ക് കഴിയുമോ എന്ന സംശയം തുടക്കത്തിൽ തന്നെ വിമർശകർ ഉന്നയിച്ചിരുന്നു.
സൌദി സർക്കാർ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകർ എന്നിവരായിരിക്കും അടുത്ത പത്ത് വർഷങ്ങളിലായി ദ ലൈൻ പദ്ധതിയിൽ മുതൽമുടക്കുക. വികസനത്തിന് വേണ്ടി പരിസ്ഥിതിയെ ബലി കൊടുക്കേണ്ടതില്ലെന്നും ‘സീറോ കാർ, സീറോ റോഡ്, സീറോ എമിഷൻ’ എന്ന ആശയത്തിലൂന്നിയുള്ള ഈ പദ്ധതി മനുഷ്യരാശിയെ തന്നെ മാറ്റി ചിന്തിപ്പിക്കുമെന്നും സൌദി കിരീടാവകാശി അവകാശപ്പെട്ടു. അതിവേഗ യാത്രാ സംവിധാനങ്ങളും ഓട്ടോനോമസ് ഗതാഗത സൌകര്യങ്ങളുമാണ് സിറ്റിയിൽ പദ്ധതിയിടുന്നത്.