ആരോഗ്യം നിലനിര്‍ത്താന്‍ ഓരോ പ്രായത്തിലും സ്ത്രീകള്‍ എന്ത് കഴിക്കണം
1 min readപ്രായഭേദമന്യേ എല്ലാ സ്ത്രീകളും അവരുടെ ആരോഗ്യത്തിനും ഫിറ്റ്‌നസിനും മുന്‍ഗണന നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
മള്‍ട്ടിടാസ്‌കിംഗില്‍ (പല ജോലികള്‍ ഒരുമിച്ച് ചെയ്യുന്നതില്‍) മിടുക്കികളാണ് സ്ത്രീകള്‍. വീട്ടുജോലി, ഓഫീസ് ജോലി, കുട്ടികളെ നോക്കല്‍, ഭക്ഷണമൊരുക്കല്‍, സമൂഹവുമായുള്ള ഇടപെടലുകള്‍ തുടങ്ങി മുഖത്തെ പുഞ്ചിരി മായാതെ രാവിലെ മുതല്‍ രാത്രി വരെയുള്ള സ്്ത്രീകളുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ പെണ്‍കരുത്തിന് മുമ്പില്‍ തലകുനിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ കുടുംബജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോകാനുള്ള തത്രപ്പാടിനിടയില്‍ സ്വന്തം ആരോഗ്യത്തെ കുറിച്ച് പലപ്പോഴും സ്ത്രീകള്‍ മറക്കാറുണ്ട്. സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ സ്വന്തം ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകളുടെ ജാഗ്രതക്കുറവിന് തെളിവാണ്.
ദിവസേനയുള്ള വ്യായാമവും കൃത്യമായ ഭക്ഷണക്രമവും കൂടിച്ചേര്‍ന്ന ഒരു നല്ല ജീവിതചര്യ സ്ത്രീകളെ സംബന്ധിച്ചെടുത്തോളം സന്തോഷകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രായഭേദമന്യേ, എല്ലാ സ്ത്രീകളും അവരുടെ ആരോഗ്യത്തിനും ഫിറ്റ്‌നസ്സിനും മുന്‍ഗണന നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല ജോലികള്‍ക്കിടയിലൂടെയുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയും കാര്‍ബോഹെഡ്രേറ്റും വെട്ടിക്കുറച്ചുള്ള ആരോഗ്യസംരക്ഷണത്തിന് മാത്രമേ സ്ത്രീകള്‍ക്ക് സമയം കാണുകയുള്ളു. എന്നാല്‍ അത്തരം ഡയറ്റുകള്‍ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നോ ശരീരത്തിന് ആവശ്യം വേണ്ട പോഷകങ്ങള്‍ കിട്ടുന്നുണ്ടോ എന്നോ പലരും ചിന്തിക്കാറില്ല. ഓരോ പ്രായത്തിലും തങ്ങള്‍ കഴിക്കേണ്ട ആരോഗ്യദായകമായ ഭക്ഷണങ്ങളെ കുറിച്ച് ഭൂരിഭാഗം സ്ത്രീകളും അജ്ഞരാണ്.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആരോഗ്യത്തോടെ സന്തോഷപൂര്‍ണമായ ജീവിതം നയിക്കാനും അസുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനും ഓരോ പ്രായത്തിലുമുള്ള സ്ത്രീകള്‍ കഴിക്കേണ്ട ആരോഗ്യദായകമായ ഭക്ഷണങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
കൗമാരപ്രായക്കാര്‍: സുപ്രധാന ധാതുവായ അയേണ്‍ രക്താണുക്കളുടെ സന്തുലിതാവസ്ഥയ്ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പെണ്‍കുട്ടികള്‍ ആദ്യമായി ആര്‍ത്തവമാകുന്ന കൗമാരക്കാലത്ത് അയേണിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ധിക്കും. ഓരോ തവണയും ആര്‍ത്തവമാകുമ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും അയേണ്‍ ധാരാളമായി നഷ്ടപ്പെടുന്നു. ഇത് അവളുടെ പ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ഉന്മേഷവും ചുറുചുറുക്കും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് പ്രായപൂര്‍ത്തിയാകുന്ന കൗമാരക്കാലത്ത് പെണ്‍കുട്ടികള്‍ അയേണ്‍ ധാരാളമായി അടങ്ങിയ പച്ചിലക്കറികള്‍ പോലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കണം.
ഇരുപതുകളില്‍: ഇരുപതുകളിലുള്ള യുവതികളുടെ ഭക്ഷണശീലങ്ങള്‍ പലപ്പോഴും മികച്ചതായിരിക്കില്ല. മാത്രമല്ല അവരുടെ ശരീരം നിരവധി ശാരീരിക, ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് വേദിയാകുന്ന ഒരു സമയം കൂടിയാണിത്. അതേസമയം എല്ലുകളുടെ ആരോഗ്യം ദൃഢപ്പെടുത്തുന്നതില്‍ വളരെ നിര്‍ണായകമായ സമയം കൂടിയാണിത്. ശരീരത്തിലെ എല്ലുകള്‍ നിരന്തരമായ റിപ്പയറുകള്‍ നടത്തുന്ന സമയമായതുകൊണ്ട് വളരെ വേഗത്തിലും മികച്ച തോതിലും കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് ഈ പ്രായത്തില്‍ വൈറ്റമിന്‍ ഡി ധാരാളമായി ആവശ്യമായിവരും. ഈ പ്രായത്തില്‍ വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടാകുന്നത് ദുര്‍ബലവും എളുപ്പത്തില്‍ പൊട്ടുന്നതുമായ എല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകും. അതുകൊണ്ട് വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് ഈ പ്രായത്തില്‍ ആവശ്യം.
മുപ്പതുകളില്‍: ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലും സ്ത്രീകളുടെ പൊതുവേയുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും പ്രത്യുല്‍പ്പാദനപരമായ ആരോഗ്യത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. ശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്ന സമയമായതുകൊണ്ട് പലതരം പോഷകങ്ങളും ഈ ഘട്ടത്തില്‍ ആവശ്യമായി വരും. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിരവധി പുതിയ വൈറ്റമിനുകള്‍ ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തില്‍ എത്തേണ്ടതുണ്ട്. ഈ സമയത്ത് പുതിയ കോശങ്ങളുടെ രൂപീകരണവും പ്രതിരോധ ശേഷി മെച്ചപ്പെടുത്തലും ഫോളേറ്റിന്റെ ചുമതലയാണ്. കടുംപച്ച നിറത്തിലുള്ള ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ശരീരത്തിലെ ഫോളേറ്റിന്റെ അളവ് മെച്ചപ്പെടുത്തും. മാത്രമല്ല ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഗര്‍ഭധാരണത്തിനായി ശരീരത്തെ ഒരുക്കുന്നതിന് വളരെ നല്ലതാണ്.
നാല്‍പ്പതുകളിലും അമ്പതുകളിലും: നാല്‍പ്പതുകളിലും അമ്പതുകളിലുമുള്ള സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള ഘട്ടത്തിലാണ്. അയേണ്‍ അഭാവമാണ് ഈ പ്രായത്തിലുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. പ്രത്യുല്‍പ്പാദന അവയവങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അയേണ്‍ വളരെയധികം ആവശ്യമുണ്ട്. അതുകൊണ്ട് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും അയേണ്‍ സപ്ലിമെന്റുകളും ഈ പ്രായത്തിലുള്ള സ്ത്രീകള്‍ തീര്‍ച്ചയായും കഴിച്ചിരിക്കണം. മാത്രമല്ല, നാല്‍പ്പതുകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിത്തുടങ്ങും. ശരീരം വണ്ണം വെക്കാനാരംഭിക്കുന്നതും ഈ പ്രായത്തിലാണ്. അതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ കുറിച്ചും കൊഴുപ്പിനെ കുറിച്ചും കാര്‍ബോ ഹൈഡ്രേറ്റിനെ കുറിച്ചുമെല്ലാം വളരെയധികം ബോധവതികളാകേണ്ടത് ആവശ്യമാണ്. കൃത്യമായ ഭക്ഷണക്രമത്തിനൊപ്പം നിരന്തരമായ വ്യായാമവും ആവശ്യത്തിന് പ്രോട്ടീനും കൊളാജെനും ലഭ്യമാകുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രായമുയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാം.
അറുപത് വയസിന് ശേഷമുള്ള സ്ത്രീകള്‍: അറുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മറ്റേത് സമയത്തേക്കാളേറെ വൈറ്റമിന്‍ ബി ആവശ്യമായ സമയമാണിത്. വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ ബി-12 ഫോളിക് ആസിഡ് എന്നിവ രക്തത്തിലെ ശ്വേത രക്താണുക്കളുടെ ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഈ അവശ്യ പോഷകങ്ങളുടെ അഭാവം ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകും. മാത്രമല്ല, അമ്പതുകളില്‍ സ്ത്രീകളിലുണ്ടാകുന്ന കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവയുടെ അഭാവം എല്ലുകള്‍ക്ക് കേടുപാട് സംഭവിക്കാനും പൊട്ടാനും ഓസ്റ്റിയോ പോറോസിസിനും (അസ്ഥി ദ്രവിക്കല്‍) കാരണമാകുന്നു. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിന് മഗ്നീഷ്യം ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും കൃത്യമായ പോഷകങ്ങളും ഉണ്ടെങ്കില്‍ ഈ പ്രായത്തില്‍ മെച്ചപ്പെട്ട ശാരീരിക ആരോഗ്യം നിലനിര്‍ത്താനാകും.