അഫ്ഗാനില്‍ വ്യാപക അക്രമം; 45 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 45പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 40 താലിബാന്‍ തീവ്രവാദികളും അഞ്ച് പോലീസുകാരും ഉള്‍പ്പെടുന്നു.യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തുടനീളം നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായി. കനത്ത ഏറ്റുമുട്ടലിനുശേഷം വെള്ളിയാഴ്ച താലിബാന്‍ തീവ്രവാദികള്‍ വാര്‍ഡക് പ്രവിശ്യയിലെ ജാല്‍റസ് ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. തലസ്ഥാനമായ കാബൂളിന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഈ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തീവ്രവാദികള്‍ പിടിച്ചെടുക്കുകയും ് 40 ഓളം സുരക്ഷാ സേനാംഗങ്ങളെ പിടികൂടുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു.
കാബൂളിനെ രാജ്യത്തിന്‍റെ മധ്യഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പ്രവിശ്യാ റോഡ് കടന്നുപോകുന്ന ജില്ലയില്‍ സുരക്ഷാ സേന ഏതാനും ദിവസങ്ങളായി ഉപരോധത്തിലാണ്.അതേസമയം, അഫ്ഗാന്‍ വ്യോമസേന ജില്ലയിലെ തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനം, മോട്ടോര്‍ സൈക്കിള്‍, ആയുധങ്ങള്‍ എന്നിവ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജല്‍റെസില്‍ അഫ്ഗാന്‍ ദേശീയ പ്രതിരോധ, സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ജില്ലയില്‍നിന്ന് ഉടന്‍ തന്നെ തീവ്രവാദികളെ നീക്കം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. ഈ മാസം തീവ്രവാദികള്‍ പിടിച്ചെടുത്ത മൂന്നാമത്തെ ജില്ലയാണ് ജാല്‍റസ്.
മെയ് 11 ന് ജാല്‍റസിന് തെക്ക് നിര്‍ഖ് ജില്ല പിടിച്ചടക്കിയ ശേഷം താലിബാന്‍ ലാഗ്മാന്‍ പ്രവിശ്യയിലെ ദാവ്ലത്ത് ഷാ ജില്ലയെ കീഴടക്കിയിരുന്നു. 407 അഫ്ഗാന്‍ ജില്ലകളില്‍ 15 എണ്ണം താലിബാന്‍റെ നിയന്ത്രണത്തിലാണ്. 40 ജില്ലകള്‍ തീവ്രവാദികളില്‍ നിന്ന് ഉയര്‍ന്ന ഭീഷണി നേരിടുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
സാബുല്‍ പ്രവിശ്യയില്‍ പോലീസ് സ്റ്റേഷനില്‍ നടന്ന സായുധ ഏറ്റുമുട്ടലില്‍ അഞ്ച് പോലീസുകാരും ഏഴ് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. അടുത്ത കാലത്തായി കനത്ത ഏറ്റുമുട്ടലുകള്‍ നടന്ന സ്ഥലമാണ് ഈ പര്‍വത പ്രവിശ്യ.ഹെല്‍മണ്ട് പ്രവിശ്യയില്‍ തലസ്ഥാനമായ ലഷ്കര്‍ ഗാ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ബോളാനില്‍ അഫ്ഗാന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 14 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്തുള്ള സര്‍ഗുദാര്‍ പ്രദേശത്തും വ്യോമാക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു .
കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ ലഷ്കര്‍ ഗഹയ്ക്ക് പുറത്ത് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തുകയും മേഖലയിലെ പ്രധാന നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നിമ്രോസ് പ്രവിശ്യയിലെ ഖാഷ് റോഡ് ജില്ലയിലും വ്യോമാക്രമണമുണ്ടായി. ഇവിടെ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.ഇറാന്‍റെ അതിര്‍ത്തിയിലുള്ള പ്രവിശ്യയിലെ ഒരു റോഡിലൂടെ സഞ്ചരിക്കുന്ന ചരക്ക് ട്രക്കുകളില്‍ നിന്ന് തീവ്രവാദികള്‍ നിയമവിരുദ്ധമായി നികുതി പിരിക്കുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയ്ക്കെതിരെ ആക്രമം നിലനിര്‍ത്തിക്കൊണ്ട് താലിബാന്‍ തീവ്രവാദികള്‍ ചെറിയ പട്ടണങ്ങളോ ജില്ലകളോ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാരണത്താല്‍ രാജ്യത്ത് മിക്ക സ്ഥലങ്ങളിലും അക്രമം നിലനില്‍ക്കുകയാണ്. യുഎസും നാറ്റോ സൈനികരും രാജ്യം വിടുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് താലിബാന്‍ രാജ്യത്താകെ ആക്രമണം അഴിച്ചുവിടുന്നതില്‍ വ്യാപൃതരാണ്. ക്രമേണ അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള നീക്കം അവര്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നു. പെരുനാള്‍ ദിവസത്തില്‍ മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ ഇരുകൂട്ടരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒറ്റപ്പെട്ട കനത്ത ആക്രമണങ്ങള്‍ അപ്പോഴും ഉണ്ടായി. അതിനാല്‍ ആക്രമണം അവസാനിപ്പിച്ച് ഒരു സമാധാന നീക്കത്തിന് താലിബാന്‍ തയ്യാറാകില്ല. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ അധികാരം തങ്ങള്‍ക്ക് സ്വന്തമാക്കാം എന്ന നില വന്നാല്‍ മാത്രമെ അവരുടെ നിലപാടിന് വ്യത്യാസമുണ്ടാകാന്‍ സാധ്യതയുള്ളു. ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ നിലച്ചിരിക്കുകയുമാണ്.