Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; തകര്‍ന്നടിഞ്ഞ് ഗാസ

1 min read

ഇപ്പോള്‍ തീവ്രവാദികളുടെ എല്ലാതന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ക്കാന്‍ തങ്ങള്‍ക്കുകഴിഞ്ഞതായി ഇസ്രയേല്‍ അവകാശപ്പെട്ടു. “ഈ മേഖലയിലെ യാഥാര്‍ത്ഥ്യം സമാധാനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെ നിര്‍ണ്ണയിക്കും” എന്ന് പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ട്വിറ്ററില്‍ കുറിച്ചു.

ജറുസലേം: ഹമാസ് തീവ്രവാദികള്‍ക്കെതിരായ 11 ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം ഗാസ മുനമ്പില്‍ വ്യാപകമായ നാശത്തിന് കാരണമായിരുന്നു. ഇസ്രയേലിന്‍റെ ഭൂരിഭാഗം നഗരങ്ങളും തീവ്രവാദികളുടെ ലക്ഷ്യങ്ങളായിരുന്നതിനാല്‍ എവിടെയും ജീവന്‍ നഷ്ടപ്പെടാം എന്നതായിരുന്നു സ്ഥിതി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ സുരക്ഷാ മന്ത്രിസഭയുടെ അര്‍ദ്ധരാത്രിയില്‍ നടന്ന യോഗത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അമേരിക്കയും ഈജിപ്റ്റും ഖത്തറും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് വെടിനര്‍ത്തല്‍ യാഥാര്‍ത്ഥ്യമായത്. വെടിനിര്‍ത്തല്‍ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്തിട്ടുണ്ട്.

മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ ഹമാസിനെതിരായ ഓപ്പറേഷനില്‍ മികച്ച നേട്ടങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ തീവ്രവാദികളുടെ എല്ലാതന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ക്കാന്‍ തങ്ങള്‍ക്കുകഴിഞ്ഞതായി ഇസ്രയേല്‍ അവകാശപ്പെട്ടു. “ഈ മേഖലയിലെ യാഥാര്‍ത്ഥ്യം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെ നിര്‍ണ്ണയിക്കും” എന്ന് പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ട്വിറ്ററില്‍ കുറിച്ചു.

പ്രഖ്യാപനം നടന്ന് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് പുലര്‍ച്ചെ രണ്ട് മണിക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നെതന്യാഹുവിന് ഒരു പരാജയമാണെന്നും “പാലസ്തീന്‍ ജനതയുടെ വിജയമാണെന്നും” ഹമാസ് പറയുന്നു. കനത്തനാശം മേഖലയിലുടനീളം സംഭവിച്ചിട്ടും അതിനെയും ഇസ്രയേലിന്‍റെ പരാജയമായാണ് ഹമാസ് കാണുന്നത്. അതേസമയം തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളെല്ലാം തകര്‍ക്കുകയും പ്രധാന നേതാക്കളെയെല്ലാം വധിക്കുകയും ചെയ്തതായുള്ള ടെല്‍ അവീവിന്‍റെ പ്രഖ്യാപനത്തോട് ഹമാസ് പ്രതികരിക്കുന്നില്ല. മധ്യസ്ഥരില്‍നിന്ന് വിവരം അറിയുന്നതുവരെ ജാഗ്രത പാലിക്കുമെന്നാണ് ഹമാസിന്‍റെ അറബ്, ഇസ്ലാമിക് റിലേഷന്‍സ് ബ്യൂറോ അംഗം അലി ബരാകെ ഇസ്രയേല്‍ പ്രഖ്യാപനം വന്നയുടന്‍ പ്രതികരിച്ചത്. അതിനുശേഷം ഗ്രൂപ്പിന്‍റെ നേതൃത്വം ചര്‍ച്ചകള്‍ നടത്തി ഒരു പ്രഖ്യാപനം നടത്തും, അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ക്കൂടി വ്യക്തമായ വിജികളില്ലാതെ ഒരു ഏറ്റുമുട്ടല്‍ അവസാനിക്കുകയാണ്. എന്നാല്‍ സാരമായ നഷ്ടം സംഭവിച്ചത് ഹമാസിനാണ്. നേതാക്കള്‍ കൊല്ലപ്പെട്ടു, താവളങ്ങള്‍ തകര്‍ക്കപ്പെട്ടു, തുരങ്കങ്ങള്‍ ഇല്ലാതാക്കി, കെട്ടിടങ്ങള്‍ തകര്‍ത്തു. ഇനി ഗാസയില്‍ എല്ലാം പഴയതുപോലെ ആകാന്‍ സമയമെടുക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്. അവര്‍ക്ക് മറ്റുരാജ്യങ്ങളുടെ സഹായമുണ്ടാകുമെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമയം എടുക്കും. അതുവരെ ഗാസ അവശിഷ്ടങ്ങളുടെ കൂമ്പാരമായി തുടരും. ഇത് ഹമാസിനെ തല്‍ക്കാലേത്തെങ്കിലും അക്രമത്തില്‍നിന്ന് പിന്തിരപ്പിക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു. അല്ലാതെ അവര്‍ ശാശ്വത സമാധാനത്തിനായി അക്രം ഉപേക്ഷിക്കില്ല എന്നാണ് കരുതപ്പെടുന്നത്.

മെയ് 10 നാണ് ഗാസയിലെ ഹമാസ് തീവ്രവാദികള്‍ ജറുസലേമിലേക്ക് റോക്കറ്റാക്രമണം നടത്തിയത്. പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രയേല്‍ പോലീസും തമ്മില്‍ ദിവസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷമായിരുന്നു ഇത്. ജൂതന്മാര്‍ക്കും മുസ്ലിംകള്‍ക്കും പവിത്രമായ ഒരു ഫ്ലാഷ് പോയിന്‍റ് സൈറ്റായ അല്‍-അക്സാ പള്ളി വളപ്പില്‍ വെച്ചാണ് യുദ്ധം ആരംഭിച്ചത്. കോമ്പൗണ്ടിലെ പോലീസ് തന്ത്രങ്ങള്‍ ഡസന്‍ കണക്കിന് പാലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിയും നിലനിന്നു.

ഇതിനെത്തുടര്‍ന്നായിരുന്നു ഹമാസ് റോക്കറ്റാക്രമണം നടത്തിയത്. എന്നാല്‍ ഇസ്രയേലിന്‍റെ തിരിച്ചടി ഇത്രയും നീണ്ടുനില്‍ക്കുമെന്നും കനത്തതായിരിക്കുമെന്നും അവര്‍ കരുതിയിരിക്കില്ല. വിശാലമായ തുരങ്ക ശൃംഖലയുള്‍പ്പെടെ ഹമാസിന്‍റെ സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന് വ്യക്തമാക്കിയതിനെ ലക്ഷ്യമിട്ടാണ് ് ഇസ്രയേല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയത്. ഹമാസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ഇസ്രയേലി നഗരങ്ങളിലേക്ക് 4,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിപക്ഷവും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ തകര്‍ത്തു. ആക്രമണത്തില്‍ 65 കുട്ടികളും 39 സ്ത്രീകളുമടക്കം 230 പാലസ്തീനികള്‍ കൊല്ലപ്പെട്ടു.

1,710 പേര്‍ക്ക് പരിക്കേറ്റു. 58,000 പാലസ്തീനികള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തിട്ടുണ്ട്. അവരില്‍ പലരും തിരക്കേറിയ യുഎന്‍ സ്കൂളുകളില്‍ അഭയം തേടി. എന്നാല്‍ ഇവിടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലില്‍ 5 വയസുള്ള ആണ്‍കുട്ടി, 16 വയസുള്ള പെണ്‍കുട്ടി, ഒരു സൈനികന്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി ജറുസലേമില്‍ അധികൃതരും വ്യക്തമാക്കി. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും മരണം അതിലധികമാണെന്നും ഹമാസ് പറയുന്നു.

ഗാസമുനമ്പ് 14വര്‍ഷമായി ഉപരോധത്തെ നേരിടുന്നു. 2007 ല്‍ ഹമാസ് അധികാരം പിടിച്ചെടുത്തതിനുശേഷം ഇസ്രയേലും ഈജിപ്തും ഉപരോധം ഏര്‍പ്പെടുത്തിയ പ്രദേശത്ത് വൈദ്യസഹായം, വെള്ളം, വൈദ്യുതിക്കുള്ള ഇന്ധനം എന്നിവ കുറവാണ്.ഇത് അവരുടെ അടിസ്ഥാന സൗകര്യശൃംഖലകളെ വഷളാക്കിയിരുന്നു. എന്നാല്‍ അടിക്കടി ഇസ്രയേലുമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെടുകയാണ്. ഇതിന് എല്ലാപ്രാവശ്യവും വഴിമരുന്നിടുന്നത് ഹമാസ് തന്നെയാണ് എന്നതാണ് അതീവ ദൗര്‍ഭാഗ്യകരമായ വസ്തുത. ഇത്തവണ ഉണ്ടായ വിനാശങ്ങളില്‍നിന്ന് അവര്‍ക്ക് കരകയറാന്‍ ഇനി നാളേറെ എടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ ഇസ്രയേല്‍ ഒരു തീവ്രവാദ ഗ്രൂപ്പായി കണക്കാക്കുന്നു, ഹമാസ് സര്‍ക്കാരിനെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കുന്നില്ല.

ഇസ്രയേലി ബോംബാക്രമണത്തില്‍ 50 ഓളം സ്കൂളുകള്‍ക്ക് നാശനഷ്ടമുണ്ടായതായി അഭിഭാഷക ഗ്രൂപ്പായ സേവ് ദി ചില്‍ഡ്രന്‍ പറയുന്നു, കുറഞ്ഞത് ആറെണ്ണമെങ്കിലും പൂര്‍ണമായും നശിച്ചു. ഇക്കാരണത്താല്‍ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ 42,000 ത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടസ്സപ്പെടും. ഇതിന് ഹമാസും ഇസ്രയേലും ഒരുപോലെ കാരണക്കാരാണ്.ഇസ്രയേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 18 ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും നാശനഷ്ടമുണ്ടായതായും ഒരു ആരോഗ്യ കേന്ദ്രം നശിപ്പിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. എല്ലാ അവശ്യ മരുന്നുകളുടെയും പകുതിയോളം തീര്‍ന്നുകഴിഞ്ഞു. ഇനി ഇസ്രയേല്‍ ആക്രമണവുമായി മുന്നോട്ടുപോയാല്‍ ഒരുപക്ഷെ ഒര ജനതയെ മരണത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാകും അത്. ഇത് തിരച്ചറിഞ്ഞാകാം അവര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതെന്ന് ചില വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഹമാസ് തിരിച്ചറിയുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

2014 ന് ശേഷം ഇസ്രയേലും ഗാസയിലെ തീവ്രവാദികളും തമ്മിലുള്ള ഏറ്റവും വലിയ പോരാട്ടമാണിത്.ഇസ്രയേല്‍-പാലസ്തീന്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുന്ന ഈജിപ്ത്, കരാര്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് രണ്ട് സുരക്ഷാ പ്രതിനിധികളെ ഈ സ്ഥലങ്ങളിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെയും പാലസ്തീന്‍ പ്രസിഡന്‍റിനെയും ഫോണില്‍ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്രയേലും പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇസ്രയേലിലും പാലസ്തീന്‍ പ്രദേശത്തും അക്രമത്തിന് ഇരയായ എല്ലാവരോടും അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഗുട്ടെറസ് അനുശോചനം രേഖപ്പെടുത്തി. ഇസ്രയേലിലെയും പാലസ്തീനിലെയും നേതാക്കള്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനപ്പുറം, സംഘട്ടനത്തിന്‍റെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവമായ ഒരു സംഭാഷണം ആരംഭിക്കുക’ എന്ന ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Maintained By : Studio3