നിലവിലെ മഹീന്ദ്ര ഥാര്‍ വേരിയന്റ് ഓസ്‌ട്രേലിയയില്‍ വില്‍ക്കില്ല
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതിയില്‍ ഇന്ത്യയുടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇക്കാര്യം വ്യക്തമാക്കി
മുംബൈ: നിലവിലെ മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓസ്‌ട്രേലിയന്‍ വിപണിയില്‍ വില്‍ക്കില്ല. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതിയില്‍ ഇന്ത്യയുടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇക്കാര്യം വ്യക്തമാക്കി. ഥാര്‍ എസ്‌യുവി ഓസ്‌ട്രേലിയയില്‍ വില്‍ക്കാനുള്ള മഹീന്ദ്രയുടെ നീക്കത്തിനെതിരെ ജീപ്പ് ബ്രാന്‍ഡ് ഉടമയായ സ്റ്റെല്ലന്റിസ് കോടതിയെ സമീപിച്ചിരുന്നു. ജീപ്പ് റാംഗ്ലര്‍ എസ്‌യുവിയുടെ രൂപകല്‍പ്പനയുമായി ഥാറിന് സാമ്യമുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കം തടയണമെന്നും അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വാദിച്ചിരുന്നു.
വാദത്തിനിടെയാണ് മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ നിലവിലെ മോഡല്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തീരുമാനം അറിയിച്ചതോടെ എഫ്‌സിഎയുടെ ഹര്‍ജി കോടതി തീര്‍പ്പാക്കി. ഓസ്‌ട്രേലിയയില്‍ പുതിയ ഥാറിന്റെ ഹോമോലോഗേഷന്‍ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുകയോ ഏതെങ്കിലും വേരിയന്റോ ഭാവി മോഡലോ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ എഫ്‌സിഎ മുമ്പാകെ 90 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സമ്മതിച്ചു. ഓസ്‌ട്രേലിയന്‍ വിപണിക്കായി ഥാര്‍ എസ്‌യുവിയുടെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
പുതു തലമുറ ഥാറിന് ഇന്ത്യയില്‍ വമ്പന്‍ ഡിമാന്‍ഡാണെന്നും ഇന്ത്യയ്ക്കു പുറത്തെ വിപണികളില്‍ നിലവിലെ വേരിയന്റ് വില്‍ക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്നും മഹീന്ദ്ര വക്താവ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ കോടതി വ്യവഹാരം നടത്തുന്നതില്‍ കാര്യമില്ല. ഥാറിന്റെ ഏതെങ്കിലും പുതിയ വേരിയന്റ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എഫ്‌സിഎ മുമ്പാകെ 90 ദിവസത്തെ നോട്ടീസ് നല്‍കുമെന്നും ഉല്‍പ്പന്നം വിപണനം ചെയ്യാനും വില്‍ക്കാനുമുള്ള തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ വിപണിയിലെ തങ്ങളുടെ ഭാവി പദ്ധതികളെ ബാധിക്കുന്നതല്ല ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വാഹന വിഭാഗങ്ങളില്‍ ബിസിനസ് വിപുലീകരിക്കുന്നത് തുടരുമെന്നും അറിയിച്ചു.