ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് = മെച്ചപ്പെട്ട ആരോഗ്യം
ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നെട്രേറ്റിനെ നൈട്രിക് ഓക്‌സൈഡ് ആക്കി മാറ്റുന്ന ബാക്ടീരിയകളുടെ അളവ് വര്‍ധിക്കും
പോഷക സമ്പുഷ്ടമായ പച്ചക്കറികളില്‍ മുന്‍നിരയിലാണ് ബീറ്റ്‌റൂട്ട്. അവശ്യ പോഷകങ്ങളുടെ കലവറയായ ബീറ്റ്‌റൂട്ട് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കുന്നു. ഭാരം കുറയ്ക്കുന്നത് മുതല്‍ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് വരെ ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എത്ര പറഞ്ഞാല്‍ തീരില്ല. തോരനായും പച്ചടിയായും കട്‌ലെറ്റായുമെല്ലാം പലവിധത്തില്‍ ഈ സുന്ദരന്‍ പച്ചക്കറിയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ജ്യൂസ് ആയി ബീറ്ററൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. പ്രത്യേകിച്ചും പ്രായമായവരില്‍.
ബീറ്റ്‌റൂട്ട് ജ്യൂസ് വായ്ക്കകത്തെ നല്ല ബാക്ടീരിയയുടെ അളവ് ത്വരിതപ്പെടുത്തും. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിലും തലച്ചോറിലെ സന്ദേശക്കൈമാറ്റത്തിലും (ന്യൂറോട്രാന്‍സ്മിഷന്‍) സുപ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയ ആണിത്. ഇവ കൂടാതെ നെട്രേറ്റുകളെ നൈട്രിക് ഓക്‌സൈഡ് ആക്കി മാറ്റുന്നതിലും ഈ ബാക്ടീരിയയ്ക്ക് പങ്കുണ്ട്. നൈട്രിക് ഓക്‌സൈഡ് അപര്യാപ്തത രക്തക്കുഴലുകളുടെ അനാരോഗ്യത്തിനും ഗ്രഹണശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
നേട്രേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണം (ഉദാഹരണം ബീറ്റ്‌റൂട്ട്) പത്ത് ദിവസം കഴിക്കുന്നതിലൂടെ വായ്ക്കുള്ളിലെ നല്ല ബാക്ടീരികളുടെ അളവ് മെച്ചപ്പെടുത്തുമെന്നാണ് റെഡോക്‌സ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇത്തരം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നത് രക്തക്കുഴവുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നും ഗ്രഹണശക്തി കൂട്ടുമെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ ഈ ബാക്ടീരിയയുടെ അളവ് കുറഞ്ഞാല്‍ രോഗങ്ങളും അണുബാധയും ഉണ്ടാകാം.
ആരോഗ്യ.കരമായ ജീവിതത്തിനായി ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കണമെന്നാണ് പഠനസംഘം നിര്‍ദ്ദേശിക്കുന്നത്.