October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കലോറി കുറഞ്ഞ ആഹാരവും വ്യായാമവും കുട്ടികളിലെ രക്താര്‍ബുദ സാധ്യത കുറയ്ക്കും

അമിതവണ്ണം കീമോതെറാപ്പി പോലുള്ള ചികിത്സകളുടെ ഫലപ്രാപ്തി കുറയ്ക്കും

ശരീരഭാരം രക്താര്‍ബുദ ചികിത്സയെ സ്വാധീനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. രക്താര്‍ബുദ രോഗികളായ അമിത വണ്ണമുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ഭാരം കുറഞ്ഞവരെ അപേക്ഷിച്ച് കീമോതെറാപ്പിയുടെ ഫലസാധ്യത കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

രക്താര്‍ബുദം പോലുള്ള അര്‍ബുദ രോഗങ്ങള്‍ ഉള്ള കുട്ടികളിലും മുതിര്‍ന്നവരിലും അമിതവണ്ണം ചികിത്സയുടെ ഫലപ്രാപ്തിയെയും രോഗിയുടെ അതിജീവന സാധ്യതയെയും ദോഷകരമായി ബാധി്‌ച്ചേക്കുമെന്ന നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, പൊണ്ണത്തടിയുള്ള രക്താര്‍ബുദ ബാധിതരായ യുവാക്കള്‍ക്ക് മെലിഞ്ഞവരെ അപേക്ഷിച്ച് വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യക 50 ശതമാനം അധികമാണെന്നും മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആഹാരക്രമത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും വ്യായാമം ശീലമാക്കുകയും ചെയ്താല്‍ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ അതിജീവിക്കാനുള്ള സാധ്യത കൂടുമെന്നാണ് യുസിഎല്‍എ, ചിന്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

  നാഡി നോക്കുന്നതിനു മുൻപ്

അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജി ജേണലായ ബ്ലഡ് അഡ്വാന്‍സസിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രക്താര്‍ബുദം സ്ഥിരീകരിച്ച് ഉടന്‍തന്നെ ഭക്ഷണങ്ങളിലെ കലോറിയുടെ അളവ് പത്ത് ശതമാനത്തിലധികം കുറയ്ക്കുകയും വ്യായാമം ചെയ്യുകയും ചെയത രോഗികളില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും ഇല്ലാത്തവരെ അപേക്ഷിച്ച് കീമോതെറാപ്പി ചികിത്സയ്ക്ക് ഒരു മാസത്തിന് ശേഷം രക്താര്‍ബുദ കോശങ്ങള്‍ കണ്ടെത്താനുള്ള സാധ്യത 70 ശതമാനത്തിലധികം കുറവാണെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അമിതവണ്ണമുള്ളവരില്‍ അസ്ഥികളിലെ മജ്ജയില്‍ അര്‍ബുദ കോശങ്ങള്‍ തങ്ങിനില്‍ക്കുന്നത് അതിജീവന സാധ്യത കുറയ്ക്കുമെന്നും വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്ക് മജ്ജ മാറ്റിവെക്കല്‍, ഇമ്മ്യൂണോതെറാപ്പി പോലുള്ള കഠിനമായ ചികിത്സകള്‍ ആവശ്യമായി വരുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  നാഡി നോക്കുന്നതിനു മുൻപ്

ആഹാരക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും അസ്ഥിമജ്ജയില്‍ രക്താര്‍ബുദ കോശങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ലോസ് ഏഞ്ചല്‍സിലെ ശിശുരോഗ ആശുപത്രിയിലാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നത്. സമീപകാലത്ത് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ കണ്ടെത്തിയ പത്തിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള 40 പേരെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയരാക്കിയത്. ഇവരുടെ ആഹാരത്തിലെ കലോറിയുടെ അളവ് കുറഞ്ഞത് പത്ത് ശതമാനത്തോളം വെട്ടിച്ചുരുക്കി. ഇവര്‍ക്ക് ആഴ്ചയില്‍ 200 മിനിട്ട് മിതമായ തോതില്‍ വ്യായാമം നിര്‍ദ്ദേശിക്കുകയും ചെയ്തു. അമിതവണ്ണവും പൊണ്ണത്തടിയുമുള്ള ആളുകളില്‍ ഇത്തരം മാറ്റങ്ങള്‍ മൂലം ശരീരത്തില്‍ കൊഴുപ്പ് നിക്ഷേപിക്കപ്പെടുന്നത് കുറയുകയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുകയും അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിലും ഫാറ്റി ആസിഡുകളെ വിഘടനത്തിലും പങ്കുള്ള ഹോര്‍മോണാണിത്. ഇവരുടെ അസ്ഥി മജ്ജയില്‍ രക്താര്ബുദ കോശങ്ങള്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത 70 ശതമാനം കുറവാണെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍.

  നാഡി നോക്കുന്നതിനു മുൻപ്

രോഗത്തിന്റെ തുടക്കത്തില്‍ ശരീരത്തിന് ദോഷം ചെയ്യുന്ന തീവ്രത കൂടിയ കീമോതെറാപ്പി നടത്തുന്നതിന് പരിമിതികള്‍ ഉള്ളതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ഇത്തരം ഇടപെടലുകള്‍ ശരീരത്തിന് ഗുണം മാത്രമേ ചെയ്യുകയുള്ളുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണം നിയന്ത്രിച്ചും വ്യയാമം ചെയ്തും കുട്ടികള്‍ക്ക് രക്താര്‍ബുദത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യത സംബന്ധിച്ച ആദ്യ പഠനങ്ങളില്‍ ഒന്നാണിത്.

Maintained By : Studio3