Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാട്‌സ്ആപ്പ് മെസേജുകളുടെ ആയുസ്സ് പിന്നെയും കുറയ്ക്കാം

വാട്‌സ്ആപ്പ് മെസേജുകള്‍ അപ്രത്യക്ഷമാക്കുന്നതിന് 24 മണിക്കൂര്‍ ഓപ്ഷന്‍ വരുന്നു  

മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാല്‍ ലഭിച്ച സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വെബ്/ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ പുതിയ ഓപ്ഷന്‍ ലഭ്യമാക്കുകയാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പിന്റെ ലക്ഷ്യം. ഏഴ് ദിവസം കഴിഞ്ഞാല്‍ ലഭിച്ച മെസേജുകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇതിനകം വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പുതിയ ഓപ്ഷന്‍ കൊണ്ടുവരുന്നതിലൂടെ ടെലഗ്രാം പോലുള്ള എതിരാളി ആപ്പുകളുമായി മല്‍സരിക്കുകയാണ് വാട്‌സ്ആപ്പ്. ലഭിച്ച സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്നതിന് നിരവധി ഓപ്ഷനുകളാണ് ടെലഗ്രാം നല്‍കുന്നത്.

ഏഴ് ദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന നിലവിലെ ഓപ്ഷന്‍ വാട്‌സ്ആപ്പ് ഉപേക്ഷിക്കില്ലെന്നും 24 മണിക്കൂര്‍ ഓപ്ഷന്‍ പുതുതായി നല്‍കുമെന്നും ഡബ്ല്യുഎ ബീറ്റ ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീറ്റ വേര്‍ഷനില്‍ വാട്‌സ്ആപ്പ് ഫീച്ചറുകള്‍ പരീക്ഷിക്കുകയും ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഡബ്ല്യുഎ ബീറ്റ ഇന്‍ഫൊ. ഈ പ്ലാറ്റ്‌ഫോം പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, നിര്‍ദ്ദിഷ്ട ഭാഗത്ത് 24 മണിക്കൂര്‍ ഓപ്ഷന്‍ കൂടി നല്‍കിയിരിക്കുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും ഇത്തരത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്നവിധം എനേബിള്‍/ഡിസേബിള്‍ ചെയ്യാന്‍ കഴിയും.

ഗ്രൂപ്പുകളില്‍ ഡിസപ്പിയറിംഗ് മെസേജസ് ഫീച്ചര്‍ നിയന്ത്രിക്കുന്നതിന് നേരത്തെ അഡ്മിനുകളെ മാത്രമാണ് വാട്‌സ്ആപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈയിടെ പുറത്തിറക്കിയ ഐഒഎസ് അപ്‌ഡേറ്റ് അനുസരിച്ച്, ഗ്രൂപ്പിലെ എല്ലാവര്‍ക്കും ഡിഫോള്‍ട്ടായി ഡിസപ്പിയറിംഗ് മെസേജസ് സെറ്റിംഗ് മാറ്റാന്‍ കഴിയും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഫോട്ടോകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണ്.

Maintained By : Studio3