ടെമസെക്കില്‍ നിന്ന് 120 മില്യണ്‍ ഡോളര്‍ സമാഹരിച്ച് അപ്ഗ്രാഡ്
50 രാജ്യങ്ങളിലായി മൊത്തം 1 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പഠിതാക്കളെ ഈ പ്ലാറ്റ്ഫോം സ്വന്തമാക്കിയിട്ടുണ്ട്
മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ആഗോള നിക്ഷേപ കമ്പനി ടെമസെക്കില്‍ നിന്ന് 120 മില്യണ്‍ ഡോളര്‍ (ഏകദേശം 898 കോടി രൂപ) സമാഹരിച്ചതായി എഡ്ടെക് പ്ലാറ്റ്ഫോം അപ്ഗ്രാഡ് അറിയിച്ചു. ആറുവര്‍ഷം മുമ്പ് സ്ഥാപിതമായതിനു ശേഷം അപ്ഗ്രാഡ് നടത്തുന്ന ആദ്യത്തെ ബാഹ്യ മൂലധന സമാഹരണമാണിത്. ഇത് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആഗോള വിപണി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സഹായിക്കും. 2026 ഓടെ 2 ബില്യണ്‍ ഡോളര്‍ വരുമാനം എന്ന ലക്ഷ്യത്തിനായി ഫണ്ട് വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
“ഈ മൂലധനം ആഗോള തലത്തിലെ വിപുലീകരണത്തിനും ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജം പകരും. ഇന്ത്യയെ ലോകത്തിന്‍റെ അദ്ധ്യാപന തലസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്,” അപ്ഗ്രാഡ് സഹസ്ഥാപകരായ റോണി സ്ക്ര്യൂവാല, മായന്‍ക് കുമാര്‍, ഫല്‍ഗുന്‍ കൊമ്പള്ളി എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഡ്യൂക്ക് കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ (യുഎസ്), മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (യുഎസ്), ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റി (യുകെ), ഡീക്കിന്‍ ബിസിനസ് സ്കൂള്‍ (ഓസ്ട്രേലിയ) സ്വിസ് സ്കൂള്‍ ഓഫ് ബിസിനസ് മാനേജ്മെന്‍റ് (ജനീവ), ഐഐടി മദ്രാസ്, എഐഎം കോഴിക്കോട് എന്നിവയുമായി സഹകരിച്ച് നൂറിലധികം കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹൈയര്‍ എഡ്ടെക് കമ്പനിയാണ് അപ്ഗ്രാഡ്.
ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലായി മൊത്തം 1 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പഠിതാക്കളെ ഈ പ്ലാറ്റ്ഫോം സ്വന്തമാക്കിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്‍ ‘ടോപ്പ് സ്റ്റാര്‍ട്ടപ്പ്സ് ഇന്ത്യ 2020’ പട്ടികയില്‍ അപ്ഗ്രാഡിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.