സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച
1 min readയുഎസും യുകെയും പോലുള്ള കയറ്റുമതി വിപണികളില്‍ രത്നം, ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയില്‍ കുതിച്ചുചാട്ടം പ്രകടമാണ്
ന്യൂഡെല്‍ഹി: രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഉയര്‍ന്ന ആവശ്യകതയും സ്വര്‍ണത്തിന്‍റെ തീരുവ വെട്ടിക്കുറച്ചതും ഉള്‍പ്പടെയുള്ള വിവിധ ഘടകങ്ങള്‍ മൂലം മാര്‍ച്ചില്‍ സ്വര്‍ണ്ണ ഇറക്കുമതി 160 ടണ്ണായി ഉയര്‍ മുന്‍വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 471 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്വര്‍ണ ഇറക്കുമതി വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് അടിത്തറയായി എടുക്കുന്നതിനാണ് ഇത്രയും വലിയ വാര്‍ഷിക വര്‍ധന ഈ മാര്‍ച്ചില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 28 ടണ്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ സ്വര്‍ണ ഇറക്കുമതി. അതിനു മുന്‍പുള്ള രണ്ട് വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ശരാശരി 80 ടണ്ണിന്‍റെ ഇറക്കുമതിയാണ് മാര്‍ച്ചില്‍ നടന്നിട്ടുള്ളത്.
യുഎസും യുകെയും പോലുള്ള കയറ്റുമതി വിപണികളില്‍ രത്നം, ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയില്‍ കുതിച്ചുചാട്ടം പ്രകടമായി. ഇതിനൊപ്പം ലോക്ക്ഡൗണ്‍ ഇളവ്, ഇന്ത്യയിലെ വിവാഹ സീസണ്‍, മെച്ചപ്പെട്ട ബിസിനസ്സ്- ഉപഭോക്തൃ വികാരം, സ്വര്‍ണ വിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവ് എന്നിവയെല്ലാം ഇറക്കുമതി ഉയര്‍ത്താന്‍ ആഭരണ നിര്‍മാതാക്കളെ പ്രേരിപ്പിച്ചു.
“ശരിയായ നിഗമനങ്ങളിലെത്താന്‍ വരും മാസങ്ങളില്‍ മൊത്തത്തിലുള്ള വിപണി പ്രവണതകള്‍ സമഗ്രമായി നിരീക്ഷിക്കണം. കഴിഞ്ഞ മാര്‍ച്ചില്‍ നിന്നുള്ള കുറഞ്ഞ അടിത്തറ, സ്വര്‍ണ്ണ വില കുറയല്‍, ഇറക്കുമതി തീരുവ കുറയല്‍ തുടങ്ങിയ ഘടകങ്ങള്‍ ഇറക്കുമതി വര്‍ധിപ്പിച്ചു. ആഭ്യന്തര അവശ്യകത വര്‍ധിക്കുന്നു എന്നത് പ്രധാനമാണ്,’ ജിജെഇപിസി ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു.
സാധാരണ സാഹചര്യത്തില്‍, ഒരു മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 60 ടണ്‍ മുതല്‍ 80 ടണ്‍ വരെ സ്വര്‍ണമാണ്. എന്നാല്‍ 2020 മാര്‍ച്ചില്‍ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് ആഭ്യന്തര, അന്താരാഷ്ട്ര വിപണിയില്‍ ആഭരണങ്ങളുടെ ആവശ്യകതയെ ബാധിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലെ പോസിറ്റീവ് വികാരത്തിന്‍റെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ജ്വല്ലറി കയറ്റുമതിയിലും വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഷാ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണ ഇറക്കുമതി തീരുവ കുറച്ചത് കള്ളക്കടത്ത് കുറയാനും നിയമപരമായ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ സ്വര്‍ണ്ണ ഇറക്കുമതി നടക്കാനും ഇടയാക്കിയെന്നും വിലയിരുത്തലുകളുണ്ട്.