18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന്‍ മേയ് 1ന് തുടങ്ങിയേക്കില്ല
1 min read-
18 വയസ് കഴിഞ്ഞവര്‍ക്ക് കേന്ദ്രം നല്‍കുന്ന വാക്സിനുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല
-
വാക്സിന്‍ വിതരണം ചെയ്യാന്‍ സമയമെടുക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
-
ജൂലൈ മാസത്തില്‍ മാത്രമേ വാക്സിനുകള്‍ ലഭിക്കൂവെന്ന് ഛത്തീസ്ഗഡ്
ന്യൂഡെല്‍ഹി: 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ കേന്ദ്രം പദ്ധതിയിട്ട പോലെ രാജ്യത്ത് മേയ് ഒന്നിന് ആരംഭിച്ചേക്കില്ല. വാക്സിന്‍ വിതരണം ചെയ്യുന്നതിന് കാലതാമസമെടുക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ മാത്രമേ തങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കൂവെന്നാണ് കിട്ടിയ വിവരമെന്ന് ഛത്തീസ്ഗഡ് അവകാശപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം മേയ് ഒന്നിന് മൂന്നാംഘട്ട വാക്സിനേഷന്‍ തുടങ്ങാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.
വേണ്ടത്ര വാക്സിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്തത് 18 മുതല്‍ 44 വയസ് വരെയുള്ളവരുടെ വാക്സിനേഷന്‍ പദ്ധതിയെ ബാധിക്കാനാണ് സാധ്യത. കേന്ദ്രം മുമ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ വാക്സിന്‍ വയലുകള്‍ 45 വയസിന് താഴെയുള്ളവരുടെ വാക്സിനേഷന് ഉപയോഗപ്പെടുത്തരുതെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് പറയുന്നു. അതായത്, 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവര്‍ സംഭരിക്കുന്ന പുതിയ വാക്സിനുകള്‍ ഉപയോഗപ്പെടുത്തണം. നിരവധി സംസ്ഥാനങ്ങള്‍ വാക്സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും കൃത്യസമയത്ത് അവര്‍ക്കത് ലഭിക്കുമോയെന്നതാണ് വെല്ലുവിളി.
അതേസമയം ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം റെക്കോഡ് വേഗത്തില്‍ ഉയരുകയാണ്. മരണസംഖ്യ 200,000 കവിഞ്ഞു. കഴിഞ്ഞ ആഴ്ച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം പ്രതിദിന ശരാശരി 300,000 ആണ്. ബുധനാഴ്ച്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 360,960 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതുതന്നെ. ഇന്ത്യയുടെ മൊത്തം കേസുകളുടെ എണ്ണം 18 ദശലക്ഷത്തിലേക്ക് എത്തി.
അതേസമയം വാക്സിന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നിതന്‍റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമോയെന്നാണ് കേരളം പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് വിശദമായ പ്ലാന്‍ കെഎസ്ഡിപി വ്യവസായ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോട് കൂടി മാത്രമേ കേരളത്തിന് വാക്സിന്‍ പ്ലാന്‍റ് നിര്‍മിക്കാന്‍ സാധിക്കൂ. ഇതിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വാക്സിന്‍ ക്ഷാമം നേരിട്ടതോടെ പുറത്തേക്കുള്ള കയറ്റുമതി ഇപ്പോള്‍ കേന്ദ്രം പ്രോല്‍സാഹിപ്പിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ വാക്സിന്‍ എത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ചൈന. രാഷ്ട്രീയപരമായുള്ള തങ്ങളുടെ സ്വാധീനം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പരമാവധി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പാണ് ചൈന നടത്തുന്നത്.