100 ഇന്ത്യന്‍ നഗരങ്ങളിലേക്ക് : വിപുലീകരണത്തിന് 1,868 കോടി സമാഹരിച്ച് അര്‍ബന്‍ കമ്പനി
ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെ മികച്ച 100 നഗരങ്ങളില്‍ സാന്നിധ്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ഹോം സര്‍വീസ് ദാതാക്കളായ അര്‍ബന്‍ കമ്പനി 255 മില്യണ്‍ ഡോളര്‍ (1,868 കോടിയിലധികം രൂപ) സമാഹരിച്ചു. ഏറ്റവും പുതിയ തങ്ങളുടെ സീരീസ് എഫ് ഫണ്ടിംഗിലൂടെ കമ്പനിയുടെ മൂല്യ നിര്‍ണയം 2.1 ബില്യണ്‍ ഡോളറിലേക്ക് എത്തി.
കോവിഡ് 19 വലിയ തോതില്‍ സ്വാധീനം ചെലുത്തിയ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 25 ലക്ഷത്തിലധികം വീടുകളില്‍ സേവനമെത്തിച്ചുവെന്ന് അര്‍ബന്‍ കമ്പനി (മുമ്പ് അര്‍ബന്‍ക്ലാപ്പ്) വ്യക്തമാക്കുന്നു. ജൂലൈ മാസത്തോടെ കമ്പനി മാര്‍ച്ചിലെ (രണ്ടാം കോവിഡ് വേവ് ആരംഭിക്കുന്നതിന് മുമ്പുള്ളത്) വളര്‍ച്ചാ നിലവാരത്തിലേക്ക് മടങ്ങിവരുമെന്നും കമ്പനി വിലയിരുത്തുന്നു. കോവിഡ് ആദ്യ തരംഗ കാലയളവില്‍ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇരട്ടിയായി വളര്‍ച്ച എത്തിക്കാമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ആഗോള തലത്തില്‍ സാന്നിധ്യമുള്ള ഓണ്‍ലൈന്‍ ഹോം സര്‍വീസസ് മാര്‍ക്കറ്റ്പ്ലേസ് ആണ് അര്‍ബന്‍ കമ്പനി. സൗന്ദര്യം, സ്വാസ്ഥ്യം, ഭവന പരിപാലനം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സേവന വിഭാഗങ്ങളിലുടനീളം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനി പ്രോ ക്യാപ്ചര്‍, ടൈഗര്‍ ഗ്ലോബല്‍, സ്റ്റെഡ്വ്യൂ എന്നിവയില്‍ നിന്നാണ് പുതിയ നിക്ഷേപ റൗണ്ടില്‍ മൂലധനം സമാഹരിച്ചത്.