അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ജെവാറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബര്‍ 25ന് നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ തറക്കല്ലിടുന്നത്തോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറാന്‍ ഒരുങ്ങുകയാണ്.
കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ഭാവിയിലേയ്ക്ക് ഒരുങ്ങുന്ന വ്യോമയാന മേഖല സൃഷ്ടിക്കുന്നതിനുമുള്ള രാജ്യത്തിൻറെ കാഴ്ചപ്പാടിന് അനുസൃതമായാണ് വിമാനത്താവളത്തിന്റെ വികസനം. അടുത്തിടെ ഉദ്ഘാടനം ചെയ്ത കുശിനഗര്‍ വിമാനത്താവളവും, അയോധ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളവും ഉള്‍പ്പെടെ ഒന്നിലധികം പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനത്തിന് യു.പി. സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു.
ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്സ് ഗേറ്റ്വേയായിരിക്കും പുതിയ വിമാനത്താവളം. അതിന്റെ വലിപ്പവും ശേഷിയും കാരണം, വിമാനത്താവളം യുപിക്ക് ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കും. ഇത് യുപിയുടെ സാധ്യതകള്‍ ലോകത്തിന് തുറന്നുകൊടുക്കുകയും ആഗോള ലോജിസ്റ്റിക്‌സ് മാപ്പില്‍ സംസ്ഥാനത്തെ സ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യും. ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഒരു വിമാനത്താവളം ഒരു സംയോജിത മള്‍ട്ടി മോഡല്‍ കാര്‍ഗോ ഹബ്ബുമായി വിഭാവനം ചെയ്തിട്ടുള്ളത് . ലോജിസ്റ്റിക്‌സിന്റെ ആകെ ചെലവും സമയവും കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡെഡിക്കേറ്റഡ് കാര്‍ഗോ ടെര്‍മിനലിന് 20 ലക്ഷം മെട്രിക് ടണ്‍ ശേഷിയുണ്ടാകും, ഇത് 80 ലക്ഷം മെട്രിക് ടണ്ണായി വികസിപ്പിക്കും. വ്യാവസായിക ഉല്‍പന്നങ്ങളുടെ തടസ്സങ്ങളില്ലാത്ത ചലനം സുഗമമാക്കുന്നതിലൂടെ, ഈ മേഖലയിലേക്ക് വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ദ്രുതഗതിയിലുള്ള വ്യാവസായിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഉല്‍പന്നങ്ങള്‍ ദേശീയ അന്തര്‍ദേശീയ വിപണികളിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നതില്‍ വിമാനത്താവളം നിര്‍ണായക പങ്ക് വഹിക്കും. ഇത് നിരവധി സംരംഭങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ കൊണ്ടുവരും, കൂടാതെ വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ഹബ്, ഹൗസിംഗ് മെട്രോ, ഹൈ സ്പീഡ് റെയില്‍ സ്റ്റേഷനുകള്‍, ടാക്‌സി, ബസ് സര്‍വീസുകള്‍, സ്വകാര്യ പാര്‍ക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെന്റര്‍ വിമാനത്താവളത്തില്‍ വികസിപ്പിക്കും. റോഡ്, റെയില്‍, മെട്രോ എന്നിവയുമായി വിമാനത്താവളത്തിന്റെ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇത് സാധ്യമാക്കും. നോയിഡയും ഡല്‍ഹിയും തടസ്സരഹിത മെട്രോ സര്‍വീസ് വഴി വിമാനത്താവളവുമായി ബന്ധിപ്പിക്കും. യമുന എക്സ്പ്രസ്വേ, വെസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേ, ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡല്‍ഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായി വിമാനത്താവളം ബന്ധിപ്പിക്കും, ഇത് ഡല്‍ഹിക്കും വിമാനത്താവളത്തിനുമിടയില്‍ 21 മിനിറ്റിനുള്ളില്‍ യാത്ര സാധ്യമാക്കും.
വിമാനത്താവളത്തില്‍ അത്യാധുനിക എം ആര്‍ ഒ (മെയിന്റനന്‍സ്, റിപ്പയര്‍ & ഓവര്‍ഹോളിംഗ്) സേവനവും ഉണ്ടായിരിക്കും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും യാത്രക്കാര്‍ക്ക് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ ട്രാന്‍സ്ഫര്‍ പ്രക്രിയകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് വിമാനത്താവളത്തിന്റെ രൂപകല്‍പ്പന. ഒപ്പം ഒരു സ്വിംഗ് എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡ് കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നു, വിമാനത്തിന്റെ സ്ഥാനം മാറ്റാതെ തന്നെ ഒരേ കോണ്‍ടാക്റ്റ് സ്റ്റാന്‍ഡില്‍ നിന്ന് ആഭ്യന്തര, അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകള്‍ക്കായി ഒരു വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ എയര്‍ലൈനുകള്‍ക്ക് അയവു നല്‍കുന്നു. ഇത് സുഗമവും തടസ്സങ്ങളില്ലാത്തതുമായ യാത്രാ കൈമാറ്റ പ്രക്രിയ ഉറപ്പാക്കും.
ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ എമിഷന്‍ എയര്‍പോര്‍ട്ടായിരിക്കും ഇത്. പ്രോജക്ട് സൈറ്റില്‍ നിന്നുള്ള മരങ്ങള്‍ ഉപയോഗിച്ച് ഫോറസ്റ്റ് പാര്‍ക്കായി വികസിപ്പിക്കാന്‍ സമര്‍പ്പിത ഭൂമി നീക്കിവച്ചിട്ടുണ്ട്. വിമാന ത്താവളത്തിന്റെ വികസനത്തിലുടനീളം എല്ലാ തദ്ദേശീയ ജീവജാലങ്ങളെയും സംരക്ഷിക്കും.
10,050 കോടിയിലധികം രൂപ ചെലവഴിച്ചാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട വികസനം നടത്തുന്നത്. 1300 ഹെക്ടറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന, പൂര്‍ത്തീകരിച്ച ആദ്യഘട്ട വിമാനത്താവളത്തിന് പ്രതിവര്‍ഷം 1.2 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കാനുള്ള ശേഷിയുണ്ടാകും, ഇതിന്റെ നിര്‍മ്മാണ ജോലികള്‍ 2024-ഓടെ പൂര്‍ത്തിയാകും. ഭൂമി ഏറ്റെടുക്കല്‍, ദുരിതബാധിതരായ കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ആദ്യ ഘട്ടത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.