യുപിഐ ഇടപാട് , ഫ്‌ലിപ്കാര്‍ട്ട് ജനുവരിയിലും ഒന്നാം സ്ഥാനത്ത്
മൊത്തം 4.2 ലക്ഷം കോടി രൂപയുടെ 2.3 ബില്യണ്‍ യുപിഐ ഇടപാടുകള്‍ ജനുവരിയില്‍ നടന്നു
ന്യൂഡെല്‍ഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളില്‍ ഫ്‌ലിപ്കാര്‍ട്ട് പിന്തുണയുള്ള ഫോണ്‍പേ തുടര്‍ച്ചയായ രണ്ടാം മാസവും ഒന്നാമതെത്തി. 1.91 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് കഴിഞ്ഞ മാസം ഫോണ്‍പേയിലൂടെ നടന്നത്. ഇത് ജനുവരിയില്‍ നടന്ന മൊത്തം യുപിഐ ഇടപാടുകളുടെ 41 ശതമാനമാണ്. 968.72 ദശലക്ഷം ഇടപാടുകളാണ് ഫോണ്‍പേയില്‍ നടന്നത്.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഫോണ്‍പേയിലെ ഇടപാടുകളുടെ എണ്ണം 7 ശതമാനവും അവയുടെ മൂല്യം 5 ശതമാനവും ഉയര്‍ന്നു. ഡിസംബറിലും 1.82 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമായി ഫോണ്‍പേ മുന്നിലെത്തിയിരുന്നു.
മൊത്തം 1.71 ലക്ഷം കോടി രൂപയുടെ 853.53 ദശലക്ഷം ഇടപാടുകളുമായി ഗൂഗിള്‍ പേയാണ് രണ്ടാം സ്ഥാനത്തുള്ളത്. 33,910 കോടി രൂപയുടെ 281.18 ദശലക്ഷം ഇടപാടുകളുമായി പേടിഎം മൂന്നാം സ്ഥാനത്താണ്. ആമസോണ്‍ പേ, ഭീം, വാട്സ്ആപ്പ് പേയ്മെന്റ്‌സ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്. മൊത്തത്തില്‍, 4.2 ലക്ഷം കോടി രൂപയുടെ 2.3 ബില്യണ്‍ ഇടപാടുകള്‍ ജനുവരിയില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടപ്പാക്കപ്പെട്ടു.
ഈ നേട്ടം അസാധാരണമാണെന്നാണ് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വിശേഷിപ്പിക്കുന്നത്. ഒരു മാസം ഒരു ബില്യണ്‍ ഇടപാടുകള്‍ മറികടക്കാന്‍ യുപിഐക്ക് 3 വര്‍ഷമെടുത്തുവെന്നും അടുത്ത ബില്ല്യണ്‍ ഒരു വര്‍ഷത്തിനുള്ളില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.