ജൂണില്‍ തൊഴിലില്ലായ്മ നിരക്ക് 9.19%-ലേക്ക് കുറഞ്ഞു
1 min readനഗരത്തിലെ തൊഴിലില്ലായ്മ ജൂണില്‍ 10.07 ശതമാനമായി കുറഞ്ഞു
ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 9.19 ശതമാനമായി കുറഞ്ഞുവെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ 11.9 ശതമാനം തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയിരുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലുടനീളം ഉയര്‍ന്നതായും തൊഴിലില്ലായ്മ നിരക്ക് മുന്‍കാലത്തെ 6-7 ശതമാനത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും സിഎംഐഇ നിരീക്ഷിക്കുന്നു. എന്നിരുന്നാലും, രാജ്യത്തെ തൊഴില്‍ പങ്കാളിത്ത നിരക്കും തൊഴില്‍ നിരക്കും കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വളരെ കുറവാണ്.
സിഎംഐഇയുടെ കണക്കനുസരിച്ച്, നഗരത്തിലെ തൊഴിലില്ലായ്മ ജൂണില്‍ 10.07 ശതമാനമായി കുറഞ്ഞു. മേയ് മാസത്തില്‍ ഇത് 14.73 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ജൂണില്‍ 8.75 ശതമാനമായി കുറഞ്ഞു. മേയ് മാസത്തില്‍ ഇത് 10.63 ശതമാനമായിരുന്നു.
“ഇന്ത്യയുടെ പ്രശ്നം തൊഴിലില്ലായ്മാ നിരക്കില്‍ താരതമ്യേന കുറവാണ്. എന്നാല്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍പിആര്‍), തൊഴില്‍ നിരക്ക് (ഇആര്‍) എന്നിവയില്‍ പ്രശ്നം കൂടുതലാണ്. കോവിഡിന്‍റെ ശാശ്വതമായ ആഘാതം ഇന്ത്യയിലെ തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് വളരെ കുറച്ചിരിക്കുന്നു, “സിഎംഐഇ അതിന്‍റെ പ്രതിവാര വിശകലനത്തില്‍ പറഞ്ഞു.
സിഎംഐഇയുടെ കണക്കനുസരിച്ച്, 2019-20 ലെ ശരാശരി എല്‍പിആര്‍ 42.7 ശതമാനമായിരുന്നു, എന്നാല്‍ 2020 ഓഗസ്റ്റില്‍ ഇത് 35.6 ശതമാനമായി കുറഞ്ഞു. 2020 ഓഗസ്റ്റില്‍ ഇത് 41 ശതമാനത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ കോവിഡ്-19 ന് മുമ്പ് ഉണ്ടായിരുന്ന തലത്തിലേക്ക് ഇതുവരെയും എത്താനായില്ല. 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് ശരാശരി 40 ശതമാനം ആയിരുന്നു, 2021 ജൂണില്‍ അതേ നിലയില്‍ എല്‍പിആര്‍ രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് സിഎംഐഇ വ്യക്തമാക്കുന്നു. തൊഴിലിനു സന്നദ്ധരായിട്ടുള്ള ജനസംഖ്യയെ വ്യക്തമാക്കുന്നതാണ് ഇത്.
തൊഴില്‍ നിരക്ക് പോലും അതിന്‍റെ പ്രീ-കോവിഡ് നിലയേക്കാള്‍ വളരെ കുറവാണ്. സിഎംഐഇ ഡാറ്റ പ്രകാരം, 2019-20ല്‍ ഇത് 39.5 ശതമാനമായിരുന്നെങ്കിലും 2020 ഏപ്രിലില്‍ 27 ശതമാനമായി കുറഞ്ഞു. 2020 സെപ്റ്റംബറില്‍ 38 ശതമാനമായി ഉയര്‍ന്നുവെങ്കിലും കോവിഡിനു മുമ്പുള്ള തലത്തിലേക്ക് എത്താന്‍ തൊഴില്‍ നിരക്കിനും സാധിച്ചിട്ടില്ല.