ട്രംപിനെ കളിയാക്കിയുള്ള പോസ്റ്റ്: ഇറാൻ പരമോന്നത നേതാവിന്റെ ട്വിറ്റർ എക്കൌണ്ട് സസ്പെൻഡ് ചെയ്തു
അയത്തുള്ള അലി ഖാംനെയിയുടെ പേരിലുള്ള മറ്റൊരു എക്കൌണ്ട് ഇപ്പോഴും ആക്ടീവ് ആണ്
ടെഹ്റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കി കൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനെയിയുടെ ട്വിറ്റർ എക്കൌണ്ട് സസ്പെൻഡ് ചെയ്തു. ട്രംപിനോട് മുഖസാദൃശ്യമുള്ള ഗോൾഫ് കളിക്കാരന്റെ ചിത്രമാണ് ഖാംനെയിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്. പോസ്റ്റിൽ ഒരു യുദ്ധവിമാനത്തിന്റെ നിഴലിലാണ് ഗോൾഫ് കളിക്കാരൻ നിൽക്കുന്നത്. ട്രംപ് ഉത്തരവിട്ടത് പ്രകാരം നടന്ന ഡ്രോൺ ആക്രമണത്തിന് പകരം ചോദിക്കുമെന്നും പോസ്റ്റിൽ ഖാംനെയി പറയുന്നു.
ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാണ് ഖാംനെയിയുടെ എക്കൌണ്ട് സസ്പെൻഡ ചെയ്തത്. എന്നാൽ 800,000 ഫോളോവേഴ്സുള്ള ഖാംനെയിയുടെ മറ്റൊരു ട്വിറ്റർ എക്കൌണ്ട് ഇപ്പോഴും ആക്ടീവ് ആണ്. ഇറാഖിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ഖാസിം സുലൈമാനിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ‘തീർച്ചയായും പ്രതികാരം ചെയ്യുമെന്ന്’ കഴിഞ്ഞ ഡിസംബറിൽ ഖാംനെയി ട്വീറ്റ് ചെയ്തിരുന്നു. ഇത് പുതിയ പോസ്റ്റിലും പ്രതിധ്വനിക്കുന്നുണ്ട്. ജനറൽ ഖാസിം സുലൈമാനിയുടെ മരണത്തിന് ഉത്തരവിട്ടവരെയും അത് നടപ്പാക്കിയവരെയും ഉചിതമായ സമയത്ത് തീർച്ചയായും ശിക്ഷിക്കുമെന്നാണ് ട്രംപിന്റെ പേര് എടുത്ത് പറയാതെ ഡിസംബർ 16ന് ഖാംനെയി ട്വീറ്റ് ചെയ്തത്.
അമേരിക്കയും യുകെയും നിർമിക്കുന്ന വാക്സിനുകളെ വിശ്വസിക്കാൻ പറ്റില്ലെന്നും മറ്റ് രാജ്യങ്ങളെ കൂടി കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോട് കൂടിയവയാണ് അവയെന്നും പറയുന്ന ഖാംനെയിയുടെ പോസ്റ്റ് ഈ മാസം ആദ്യം ട്വിറ്റർ നീക്കം ചെയ്തിരുന്നു. തെറ്റായ വിവരങ്ങൾക്കെതിരായ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഈ ട്വീറ്റ് നീക്കം ചെയ്തത്.
ഇറാനും ലോകശക്തികളുമായുള്ള 2015ലെ ആണവ കരാറിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പ് അമേരിക്ക പിന്മാറിയതിന് ശേഷം ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ആണവ കരാറിൽ നിന്നും പിന്മാറിയതിന് പിന്നാലെ ഇറാൻ സമ്പദ് വ്യവസ്ഥയെ തകർത്തെറിയുകയെന്ന ഉദ്ദേശത്തോടെ ട്രംപ് ഭരണകൂടം ഇറാന് മേലുള്ള ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. കേവലം വാക്കുകളല്ല, പ്രവൃത്തിയാണ് ആവശ്യമെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റതിന് പിന്നാലെ ഇറാൻ ആവശ്യപ്പെട്ടിരുന്നു. കരാറിലെ നിബന്ധനകൾ ഇറാൻ കൃത്യമായി പാലിച്ചാൽ ആണവ കരാറിലേക്ക് തിരിച്ചുവരുമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.