ആസാമില്‍ ആദിവാസി നേതാവിനെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തു
1 min readഗുവഹത്തി: ആസാമില്‍ പതിനഞ്ചാം അസംബ്ലി സ്പീക്കറായി ബിജെപിയുടെ ബിസ്വജിത് ഡൈമറിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. 47 കാരനായ ആദിവാസി നേതാവിനെ പുതിയ സ്പീക്കറായി പ്രഖ്യാപിച്ച് പ്രോ-ടെം സ്പീക്കര്‍ ഫാനി ഭൂസാന്‍ ചൗധരി അദ്ദേഹത്തിന് ചുമതല കൈമാറി. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഈ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ടില്‍ (ബിപിഎഫ്)നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം ഫെബ്രുവരിയില്‍ ഡൈമറി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാനറിയില്‍ നിന്ന് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം ബിപിഎഫ് നോമിനി കരുണ കാന്ത സ്വാര്‍ജിയറിയെക്കാള്‍ 35,852 വോട്ടുകള്‍ അധികം നേടിയാണ് വിജയിച്ചത്.
എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഡൈമറി പറഞ്ഞു: “അസമിലെ ജനങ്ങള്‍ക്ക് സഭയില്‍ നിന്ന് ശക്തവും ക്രിയാത്മകവുമായ ഒരു സന്ദേശം നല്‍കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും നിയപ്രകാരം തുല്യ അവസരം ഞാന്‍ നല്‍കും’.’ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് ദേബബ്രത സൈകിയ, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് ഹാഫിസ് ബഷീര്‍ അഹമ്മദ്, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത് കുമാര്‍ ദാസ്, എജിപി പ്രസിഡന്‍റ് അതുല്‍ ബോറ എന്നിവര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
ഭരണകക്ഷിയായ ബിജെപി ഡെപ്യൂട്ടി സ്പീക്കര്‍ തസ്തികയിലേക്ക് നുമല്‍ മോമിനെ നാമനിര്‍ദേശം ചെയ്തു. നിയമസഭ സെക്രട്ടേറിയറ്റ് തസ്തികയിലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുമ്പോള്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം സമര്‍പ്പിക്കും. ബൊകാജന്‍ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് മോമിന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.