‘കോവിഡ് മാനദണ്ഡങ്ങളില്‍ വ്യാപാരികളെ ബലിയാടാക്കരുത്’
കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കച്ചവടസ്ഥാപനങ്ങളില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലും വ്യാപാരത്തെ സാരമായി ബാധിക്കുന്ന രീതിയിലും നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നടപ്പാക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍വാങ്ങണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധ വ്യാപാര സംഘടനകള്‍ സംയുക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ബീച്ചിലായാലും മാളിലായാലും അവരുടെ ആവശ്യങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് അധികൃതര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഷോപ്പുകളുടെ പ്രവര്‍ത്തിസമയം വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഗുണം ചെയ്യുക. തിക്കും തിരക്കുമില്ലാതെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്തു വന്നു സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്ന് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹോട്ടല്‍ ആയാലും സമയം ചുരുക്കി നിജപ്പെടുത്തുകയല്ല വേണ്ടത്. പ്രത്യേകിച്ച് ഈ നോമ്പ് സമയത്തു കോവിഡ് പ്രോട്ടോകോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു രാത്രി മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണ് വേണ്ടതെന്നും സിനിമാ തിയറ്ററുകളുടെയും സമയം നിജപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.