പത്ത് മിനിറ്റില്‍ ഹൈ പവര്‍ ലിഥിയം അയോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാം
കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യുലര്‍ മെഡിസിന്‍ വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത്
കൊച്ചി: നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം അയോണ്‍ ബാറ്ററിയുമായി കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യുലര്‍ മെഡിസിന്‍ വിഭാഗം. പത്ത് മിനിറ്റില്‍ താഴെ ചാര്‍ജിംഗ് സമയമെടുത്ത് പതിനായിരം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ കണ്ടുപിടുത്തം ലോകത്ത് ഇതാദ്യമായാണ്. പ്രധാനമായും ഇലക്ട്രിക് കാറുകളിലാണ് ഹൈ പവര്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത്.
നാനോ ടെക്‌നോളജിയുടെ സഹായത്തോടെ രണ്ടര വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പുതിയ ഹൈ പവര്‍ ബാറ്ററി നിര്‍മിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യുലര്‍ മെഡിസിന്‍ വിഭാഗം ഡയറക്റ്റര്‍ പ്രൊഫസര്‍ ശാന്തികുമാര്‍ വി നായര്‍, നാനോ എനര്‍ജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദാമോദരന്‍ സന്താനഗോപാലന്‍ എന്നിവര്‍ പറഞ്ഞു.
അതിനൂതനമായ നാനോ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ പത്ത് മിനിറ്റ് കൊണ്ട് ഒരു സെല്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ബാറ്ററി നിര്‍മിച്ചിരിക്കുന്നത്. പുതിയ ബാറ്ററി പതിനായിരം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി പ്രൊഫ. ശാന്തികുമാര്‍ വി നായര്‍ പറഞ്ഞു.
ഹൈ പവര്‍ ലിഥിയം അയോണ്‍ സെല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ബാറ്ററി പാക്കിലെ സെല്ലുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്യുമെന്നതിനാല്‍ സമയം ലാഭിക്കാം. ഇലക്ട്രിക് വാഹനങ്ങളില്‍ ഇത്തരം ബാറ്ററി പാക്കുകള്‍ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കും. ഭാവിയില്‍ ഇത്തരം ഹൈ പവര്‍ ബാറ്ററികള്‍ക്ക് വലിയ സാധ്യതകള്‍ കാണുന്നതായി പ്രൊഫ. ശാന്തികുമാര്‍ വി നായര്‍ പറഞ്ഞു.