ട്രാക്റ്റര്‍ റാലിയിലെ അക്രമം; അപലപിച്ച് അമരീന്ദര്‍ സിംഗ്
ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഇത് രാജ്യത്തിന് അപമാനമാണെന്നും നാണക്കേടുണ്ടാക്കിയെന്നും കര്‍ഷകരുടെ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്തി. കാര്‍ഷിക നിയമങ്ങള്‍ തെറ്റായതിനാല്‍ താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്കോട്ട സ്വതന്ത്ര രാജ്യത്തിന്റെ പ്രതീകമാണ്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ജീവന്‍ ത്യജിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയുടെ പോരാട്ടം മുഴുവനും അഹിംസയിലൂന്നിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’ദേശീയ തലസ്ഥാനത്ത് ഇന്നലെ സംഭവിച്ചതില്‍ എന്റെ തല ലജ്ജിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
യുവാക്കളെ വഴിതെറ്റിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇത്തരം പ്രശ്നങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാല സംഭവവികാസങ്ങള്‍ സംസ്ഥാനത്തെ നിക്ഷേപം മന്ദഗതിയിലാക്കിയിട്ടുമുണ്ട്. ഒരു സര്‍ക്കാരിനും ജനങ്ങള്‍ക്കും ജനങ്ങളുടെ ഇച്ഛയെ അവഗണിക്കാന്‍ കഴിയില്ല. ജനസംഖ്യയുടെ 70 ശതമാനത്തോളം കര്‍ഷകരുള്ള രാജ്യത്ത് ജനങ്ങള്‍ ബിജെപിയെ നിരാകരിക്കുമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.
അതേസമയം റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്റ്റര്‍ റാലിയില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് കര്‍ഷക സമരത്തില്‍ ഭിന്നതയെന്ന് സൂചന. ഭാരതീയ കിസാന്‍ യൂണിയനും (ഭാനു) ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഘടനും കര്‍ഷകരുടെ പ്രതിഷേധത്തില്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളെ ഇരു സംഘടനകളും അപലപിച്ചിട്ടുണ്ട്. സമരം നിര്‍ത്തിയാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും നേതാക്കള്‍ പറയുന്നു.