October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശശികലയുടെ തിരിച്ചുവരവില്‍ കരുതലോടെ എഐഎഡിഎംകെ

ഭരണകക്ഷിക്ക് തിരിച്ചടിയെന്ന് ഡിഎംകെ  ♦  ഭരണപക്ഷത്തിന്റെ നിയന്ത്രണത്തിനുശ്രമിക്കുമെന്ന് അനുയായികള്‍   ♦    പാര്‍ട്ടിയില്‍ ആഭ്യന്തരകലഹത്തിനു വഴിതുറക്കുമെന്ന് വിദഗ്ധര്‍    ♦    ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

ചെന്നൈ: എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്തുമായിരുന്ന ശശികലയുടെ ജയില്‍ മോചനം ദ്രാവിഡ രാഷ്ട്രീയത്തില്‍ ഉണ്ടാക്കാവുന്ന ചലനങ്ങളെക്കുറിച്ചാണ് തമിഴ് രാഷ്ട്രീയവൃത്തങ്ങളിലെ ചര്‍ച്ച. നാല് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷമാണ് അവര്‍ പുറത്തുവരുന്നത്. കോവിഡ് ബാധിതരായ അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ എഐഎഡിഎംകെ പോരാടുമ്പോള്‍ ശശികലയുടെ മോചനം പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് വഴിയൊരുക്കിയേക്കാമെന്ന് രാഷ്ട്രീയവിമര്‍ശകരും വിശകലന വിദഗ്ധരും കരുതുന്നു.

എഐഎഡിഎംകെയുടെ നിയന്ത്രണം വീണ്ടും നേടുകയെന്നതാണ് അവരുടെ പ്രഥമ ലക്ഷ്യമെന്ന് ശശികലയുടെ അടുത്ത സഹപ്രവര്‍ത്തകന്‍ സൂചിപ്പിച്ചിട്ടുണ്ട്. ജയിലിലേക്ക് പോകുന്നതിനുമുമ്പ് ജയലളിതയുടെ ശവകുടീരത്തില്‍വെച്ച് ശശികല മൂന്ന്് പ്രതിജ്ഞകള്‍ എടുത്തിരുന്നു.അവ യാഥാര്‍ത്ഥ്യമാക്കാനാണ് അവര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അവരുടെ സഹപ്രവര്‍ത്തകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എന്തായിരുന്നു ആ പ്രതിജ്ഞകള്‍ എന്ന്് ആരും വ്യക്തമാക്കുന്നില്ല. പൊതുവേ സംസ്ഥാന രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്ന് ഭരണപക്ഷം. ഈ സാഹചര്യത്തില്‍ ശശികലയുടെ തിരിച്ചുവരവ് കൂടുതല്‍ പ്രതിസന്ധികളിലേക്ക് പാര്‍ട്ടിയെ നയിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലും ജയലളിതയുടെ തോഴിക്ക് സ്വാധീനമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ശശികല ശശികല ഇനി മുതല്‍ എഐഎഡിഎംകെയുടെ ഭാഗമാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി ശശികലയുടെ പിന്തുണയും തേടിയിട്ടുണ്ടെന്ന് അവരുടെ അനുയായികളും അവകാശപ്പെടുന്നു. ഇത് പ്രാദേശിക ബിജെപി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

വാരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എഐഎഡിഎംകെയുടെ സഖ്യകക്ഷിയാണെന്ന് ഭരണകക്ഷിയിലെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറയുന്നു. പാര്‍ട്ടിയില്‍ ശശികലക്ക് ഇന്ന് ഒരു സ്വാധീനവും ചെലുത്താനാകില്ല. ആറുവര്‍ഷത്തിനുശേഷം മാത്രമേ അവര്‍ക്ക് മത്സരിക്കാനാകൂവെന്നും അദ്ദേഹം പറയുന്നു. ഇക്കാരണത്താല്‍ ശശികലയുടെ മടങ്ങിവരവ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ചിലരുടെ വാദം.

പാര്‍ട്ടിയിലെ സര്‍വശക്തയായിരുന്നു മുന്‍ മുഖ്യമന്ത്രി ജയലളിത. അവരുടെ മരണത്തെതുടര്‍ന്ന്് കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായത് ഒ പനീര്‍ സെല്‍വമായിരുന്നു. മുന്‍ അഴിമതി ആരോപണത്തില്‍ ജയലളിതയെ ജയിലടച്ച സാഹചര്യത്തിലും അദ്ദേഹം(ഒപിഎസ്) തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്. പക്ഷേ രണ്ടുമാസത്തിനുശേഷം, 2017 ഫെബ്രുവരി 7 ന് എഐഎഡിഎംകെ ഭരണസമിതിയോഗം ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം ഒപിഎസ് തന്നെ ശശികലയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. ശശികലയ്ക്കും ഒപിഎസിനുമിടയില്‍ അധികാരത്തര്‍ക്കം ഉടലെടുത്തു. ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ജയലളിത തന്നോട് പറഞ്ഞതായും ഒപിഎസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2017 ഫെബ്രുവരി 14 ന് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതിശിക്ഷ വിധിച്ചപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറികൂടിയായ ശശികല എടപ്പാടി പളനിസ്വാമിയെ(ഇപിഎസ്) മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 19 നേതാക്കളെ പുറത്താക്കുകയും ചെയ്തു.

  ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍

രാഷ്ട്രീയത്തില്‍ എടപ്പാടി പളനിസ്വാമി ഒരു തുടക്കക്കാരനായിരുന്നില്ല. 1980കളില്‍തന്നെ പാര്‍ട്ടിയിലെത്തിയ അദ്ദേഹം പ്രവര്‍ത്തനപരിചയംകൊണ്ടും അനുഭവ സമ്പത്തുകൊണ്ടും വേറിട്ടനേതാവായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പ്രായോഗിക രാഷ്ട്രീയതന്ത്രങ്ങള്‍ അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു. ജയലളിതയായിരുന്നു പാര്‍ട്ടിയുടെ മുഖവും ശക്തിയും. ഇന്ന് പാര്‍ട്ടിയില്‍ പകരംവെയ്ക്കാന്‍ മറ്റൊരു നേതാവില്ല. പളനിസ്വാമിയെ വിലകുറച്ചുകാണാനും സാധിക്കില്ല. താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ പളനിസ്വാമിയെ ഉയര്‍ത്തിക്കൊണ്ടുവന്നത് ജയലളിതതന്നെയായിരുന്നു. എഐഎഡിഎംകെയുടെ നേതാവ് എംജിആറിന്റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജയലളിതയ്ക്ക് പിന്തുണ നല്‍കിയ നേതാവാണ് എടപ്പാടി പളനിസ്വാമി. തുടര്‍ന്ന് ജയലളിതയുടെ അടുത്തനേതാവായി അദ്ദേഹം മാറി. ഒപിഎസിനു പിന്നില്‍ പാര്‍ട്ടിയിലെ കേഡറിന്റെ രണ്ടാമത്തെ ഉയര്‍ന്ന നേതാവായിരുന്നു എടപ്പാടി.

എന്നാല്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍, ഒപിഎസ് ഇപിഎസുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കി. പുറത്തായ ഒപിഎസ് പാര്‍ട്ടിയിലേക്ക് മടങ്ങി. ഡെപ്യൂട്ടി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായി. തുടര്‍ന്ന്, 2017 സെപ്റ്റംബര്‍ 12 ന് ശശികലയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. അതിനുശേഷം, പളനിസ്വാമിയും പന്നീര്‍സെല്‍വവും ആരോഗ്യകരമായ പ്രവര്‍ത്തന ബന്ധമാണ് പുലര്‍ത്തുന്നത്, പാര്‍ട്ടിക്കുള്ളിലെ കലാപങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു, ഭരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പത്രപരസ്യങ്ങളില്‍പോലും ഇരുവരുടെയും പങ്കാളിത്തമോ സാന്നിദ്ധ്യമോ അവര്‍ ഉറപ്പാക്കുന്നുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. ഉദാഹരണത്തിന് മുഖ്യമന്ത്രിയുടെ ഭരണവും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ ഡെപ്യൂട്ടി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന കൂടുതല്‍ പരസ്യങ്ങള്‍ എത്തുന്നുണ്ട്. പാര്‍ട്ടിയിലെ പടലപിണക്കങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കുന്നതിനായുവേണ്ടി ഏതാണ്ട് ഒന്നര വര്‍ഷക്കാലമാണ് പളിനിസ്വാമിക്ക് വേണ്ടിവന്നത്. അതിനുശേഷം, സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും നല്ല ഭരണം നല്‍കുന്നതിനും അദ്ദേഹം പ്രവര്‍ത്തിച്ചതായും ചില വിദഗ്ധര്‍ പറയുന്നു.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

എന്നാല്‍ തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലെത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെ. അതിനാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടാവില്ല എന്ന വാദവും സ്വീകരിക്കാനാവില്ല. കൂടാതെ ജയലളിതയെപ്പോലൊരു പ്രഭാവമുള്ള നേതാവിന്റെ അഭാവവും പാര്‍ട്ടിക്കുണ്ട്്. ഇതെല്ലാം മുഖ്യ പ്രതിപക്ഷമായ ഡിഎംകെക്ക് ഗുണകരമാണ്. എന്നാല്‍ കരുണാനിധിയുടെ വിയോഗശേഷം അവിടെയും സ്വീധീനശക്തിയുള്ള നേതാവില്ല. ഇപ്പോള്‍ സ്റ്റാലിനാണ് പാര്‍ട്ടിയെ നയിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെക്കാള്‍ മികച്ച നേതാക്കള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും മുന്‍തൂക്കം ഡിഎംകെക്ക് തന്നെയാണ്.

ഈ സാഹചര്യത്തിലാണ് ശശികലയുടെ ജയില്‍ മോചനം എന്നതാണ് രാഷ്ട്രീയരംഗത്ത് നെഞ്ചിടിപ്പേറ്റുന്നത്. ഡിഎംകെ നേതാവ് ദിവങ്ങള്‍ക്കമുന്‍പുതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സേലം ജില്ലയിലെ എടപ്പാടിയില്‍ മക്കള്‍ ഗ്രാമസഭയെ അഭിസംബോധന ചെയ്ത വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ മുഖ്യമന്ത്രിയാക്കിയ ശശികലയെ എടപ്പാടി വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശികലയുടെ രംഗപ്രവേശം എഐഎഡിഎംകെയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നത് മറ്റുപാര്‍ട്ടികളെല്ലാം പ്രതീക്ഷിക്കുന്നുവെന്നാണ് സ്റ്റാലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. അതിനനുസരിച്ചുള്ള തന്ത്രങ്ങളും പ്രതിപക്ഷം ആവിഷ്‌ക്കരിക്കും. എല്ലാരീതിയുലും എടപ്പാടി പളനിസ്വാമി വെല്ലുവിളി നേരിടേണ്ടിവരും എന്നാണ് സമീപകാല തമിഴ് രാഷ്ട്രീയം വ്യക്തമാക്കുന്നത്. ഇതിന് ഒരു മറുമരുന്ന് മുഖ്യമന്ത്രിക്ക് കണ്ടെത്താനാകുമോ എന്ന വസ്തുതയിലാണ് പോരാട്ടത്തിന്റെ ട്വിസ്റ്റ് ഉണ്ടാകുക.

Maintained By : Studio3